തുറയൂർ : മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഹരിത കേരളം മിഷന്റെ ” ഇനി ഞാനൊഴുകട്ടെ” പദ്ധതിയിൽ തുറയൂർ ഗ്രാമ പഞ്ചായത്തിലെ ഏണിയോട്ടിട തോടിന്റെ 1 കി മീ ദൂരം ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ചു. അകലാപ്പുഴയെയും കുറ്റ്യാടിപ്പുഴയുടെയും സംഗമസ്ഥലത്ത് ഉളള പ്രധാന തോടാണ് ഏണിയോട്ടിട.
പയ്യോളി അങ്ങാടിയിൽ വെച്ച് നടന്ന ഇനി ഞാനൊഴുകട്ടെ ക്യാമ്പയിൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ് നിർവഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പിടി.പ്രസാദ് മുഖ്യാതിഥിയായി പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ അധ്യക്ഷനുമായി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ എന്നിവർ സംസാരിച്ചു.
നിറയെ മാലിന്യങ്ങളും ചളിയും നിറഞ്ഞ തോടിനെ വീണ്ടെടുക്കാൻ ആയിരത്തിലധികം വരുന്നവർ സന്നദ്ധരായി പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് ഭരണസമിതി, യുവജന സംഘടനകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, ഹെൽത്ത് വിഭാഗം ജീവനക്കാർ, വ്യാപാരി വ്യവസായി അംഗങ്ങൾ, സന്നദ്ധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടന പ്രവർത്തകർ, ഹരിത കർമ്മ സേന, ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.