തിരുവനന്തപുരം കോർപ്പറേഷനിൽ 2 വർഷം കൊണ്ട് നടന്ന 1000ലധികം താൽക്കാലിക നിയമനങ്ങള്‍; വിജിലൻസ് ഡയറക്ടർക്ക് പരാതി

news image
Nov 5, 2022, 7:24 am GMT+0000 payyolionline.in

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ പിൻവാതിൽ നിയമനങ്ങൾ സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക് പരാതി. തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലറാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്. രണ്ട് വർഷം കൊണ്ട് നടന്ന ആയിരത്തിലധികം താൽക്കാലിക നിയമനങ്ങളിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. താൽക്കാലിക നിയമനങ്ങളിൽ കോടികളുടെ അഴിമതി നടന്നെന്നും പരാതിയില്‍ ആരോപിക്കുന്നു.

കരാര്‍ നിയമനത്തിന് പാര്‍ട്ടി മുൻഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അയച്ച കത്താണ് വിവാദമായതിന് പിന്നാലെയാണ് പരാതി. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔഗ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്. കത്തിനെ കുറിച്ച് അറിയില്ലെന്ന് മേയർ പ്രതികരിച്ചു. കത്തയച്ച ഒന്നാം തിയതി “എവിടെ എന്റെ തൊഴിൽ” എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാൻ ദില്ലിയിൽ ആയിരുന്നെന്നുമാണ് ആര്യാ രാജേന്ദ്രന്റെ വിശദീകരണം. സ്വന്തം നിലക്കും പാർട്ടി തലത്തിലും അന്വേഷിക്കുമെന്നും മേയർ അറിയിക്കുമ്പോൾ കത്ത് കിട്ടിയില്ലെന്നാണ് ആനാവൂര്‍ നാഗപ്പന്‍റെ  പ്രതികരണം. എന്നാല്‍, കത്ത് എഴുതിയാലും ഇല്ലെങ്കിലും വൻ ക്രമക്കേട് നടന്നെന്നും ഭരണ സമിതി പിരിച്ച് വിടണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭരംഗത്താണ്.

ഇതിന് പുറമേ, പാർലമെൻ്ററി പാർട്ടി നേതാവിന്‍റെ സമാനമായ കത്തും പുറത്ത് വന്നിട്ടുണ്ട്. കൗൺസിലർ അനിൽ ആനാവൂർ നാഗപ്പന് അയച്ച കത്താണ് പുറത്തായത്. എസ് എ ടി ആശുപത്രിയോട് ചേർന്ന വിശ്രമ കേന്ദ്രത്തിലെ നിയമനത്തിനായി പാർട്ടി പട്ടിക തേടിയായിരുന്നു ഈ കത്ത്. മാനേജർ അടക്കം 9 തസ്തികകളിലേക്കാണ് പാർട്ടി പട്ടിക ആവശ്യപ്പെട്ടത്. ഒക്ടോബർ 24ന് അയച്ച കത്താണ് പുറത്ത് വന്നത്. 3 തസ്തികകളിലേക്ക് 9 പേരെ ആവശ്യമുണ്ടെന്നാണ് കത്തില്‍ പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe