തിരുവനന്തപുരം കോർപറേഷൻ ഭരണസമിതി പിരിച്ചുവിടണം: കെ.സുരേന്ദ്രൻ

news image
Nov 5, 2022, 6:36 am GMT+0000 payyolionline.in

തിരുവനന്തപുരം∙ ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു ഔദ്യോഗിക കത്തയച്ച മേയർ ആര്യ രാജേന്ദ്രന്റെ നേത‍ൃത്വത്തിലുള്ള ഭരണസമിതിയെ പിരിച്ചുവിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരുവനന്തപുരം കോർപറേഷനിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ഒഴിവുണ്ടെങ്കിൽ അതു നികത്തേണ്ടത് സിപിഎം ജില്ലാ സെക്രട്ടറി ആണോയെന്നും അദ്ദേഹം ചോദിച്ചു.

 

‘‘സത്യപ്രതിഞ്ജാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മേയർക്ക് സ്ഥാനത്ത് തുടരാൻ അവകാശമില്ല. എല്ലായിടത്തും സിപിഎം പ്രവർത്തകരായാൽ മാത്രം ജോലി എന്ന പിണറായി സർക്കാരിന്റെ നയം തന്നെയാണ് തിരുവനന്തപുരം കോർപറേഷനും പിന്തുടരുന്നത്. കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന യുവജനങ്ങളോടുള്ള വെല്ലുവിളിയാണിത്. സർക്കാർ സ്ഥാപനങ്ങളിൽ ജോലി കിട്ടണമെങ്കിൽ സിപിഎം ആകുകയോ സിപിഎം നേതാക്കളുടെയോ മന്ത്രിമാരുടെയോ ബന്ധുക്കളാകുകയോ ചെയ്യണമെന്ന ഭീകരാവസ്ഥയിലൂടെയാണ് കേരളം കടന്നു പോകുന്നത്’’– അദ്ദേഹം പറഞ്ഞു.

‘‘തിരുവനന്തപുരം കോർപറേഷനിൽ നടക്കുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. പട്ടികജാതി ഫണ്ട് തട്ടിപ്പ്, ആറ്റുകാൽ പൊങ്കാല ഫണ്ട് തട്ടിപ്പ്, പാർക്കിങ് ഗ്രൗണ്ട് തട്ടിപ്പ് ഉൾപ്പെടെ വലിയ അഴിമതിയാണ് ഇവിടെ നടക്കുന്നത്. പിഎസ്‌സി പോലും സിപിഎമ്മിന്റെ റിക്രൂട്ട്മെന്റ് ഏജൻസിയായി മാറിയിരിക്കുകയാണ്. സിപിഎമ്മായാൽ പരീക്ഷ എഴുതാത്തവനും റാങ്ക് പട്ടികയിൽ ഒന്നാമതെത്തും. ചോദ്യ പേപ്പർ നേരത്തേ കിട്ടും എന്നതാണ് സ്ഥിതി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം കടന്നാക്രമണം നടത്തുന്നതും ഇത്തരം അഴിമതിയും ബന്ധുനിയമനങ്ങളും ചോദ്യം ചെയ്യുന്നത് കൊണ്ടാണ്. ഭരണസമിതി പിരിച്ചുവിട്ടില്ലെങ്കിൽ വലിയ ബഹുജനപ്രക്ഷോഭം നേരിടേണ്ടി വരും’’– കെ.സുരേന്ദ്രൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe