തിക്കോടിയിലെ അടിപ്പാത സമരത്തിനെതിരെ പോലീസ് നടപടി: നിരവധി പേർ അറസ്റ്റിൽ, പോലീസ് എത്തിയത് വൻസന്നാഹത്തോടെ

news image
Sep 10, 2024, 12:12 pm GMT+0000 payyolionline.in

തിക്കോടി: ദേശീയപാത ആറുവരി ആക്കുന്ന പ്രവർത്തിയുടെ ഭാഗമായി തിക്കോടിയിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർമ്മ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിനെതിരെ പോലീസ് നടപടി.

നിർമ്മാണ കരാർ കമ്പനിയായ വാഗാർഡിന്റെ തിക്കോടിയിലെ നിർമ്മാണ പ്രവർത്തി ആരംഭിച്ചത് സമരസമിതി പ്രവർത്തകർ തടഞ്ഞതോടെയാണ് പോലീസ് നടപടി എടുത്തത്.

 

റിക്കോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, തിക്കോടിയിലെ ജില്ലാ പഞ്ചായത്ത് അംഗം വി പി ദുൽഖിഫിൽ എന്നിവർ ഉൾപ്പെടെ നിരവധി പേരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.


തിക്കോടിയിൽ ഇന്ന് നിർമ്മാണ പ്രവർത്തി ആരംഭിക്കും എന്ന് അറിഞ്ഞതിനെ തുടർന്ന് സമരസമിതിയുടെ നേതൃത്വത്തിൽ സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ നൂറിലേറെ പേരാണ് സമരപ്പന്തലിൽ ഒത്തുചേർന്നത്. ഇന്ന് രാവിലെ എട്ടുമണി മുതൽ പ്രതിഷേധ പരിപാടികളും മുദ്രാവാക്യം വിളികളുമായി ഇവർ സംഘടിച്ചിരുന്നു.

പിന്നീട് സ്ഥലത്തെത്തിയ വടകര ഡിവൈഎസ്പി ആർ. ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള ഇരുന്നൂറോളം വരുന്ന പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി കെ. സി.സുഭാഷ് ബാബു, കൊയിലാണ്ടി, പയ്യോളി, ചോമ്പാല സർക്കിൾ ഇൻസ്പെക്ടർമാരും നടപടിക്കായി എത്തിയിരുന്നു.

രാവിലെ 11 മണിയോടുകൂടി ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും വാഗാട് ജീവനക്കാരും സ്ഥലത്തെത്തി നിർമ്മാണ പ്രവർത്തി ആരംഭിച്ചു.

നേരത്തെ തന്നെ പോലീസുമായി വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്ന പ്രവർത്തകർ ഇത് കണ്ടതോടെ പ്രവർത്തി തടഞ്ഞു.

 

സിപിഎം നേതാവ് സുരേഷ് ആണ് ജെസിബിക്ക് മുകളിൽ കയറി പ്രവർത്തി ആദ്യം തടഞ്ഞത്. പത്തോളം പോലീസുകാരെത്തി വേറെ മൽപ്പിടുത്തത്തിന് ശേഷം സുരേഷിനെ കീഴ്പ്പെടുത്തി പോലീസ് വാഹനത്തിലേക്ക് കയറ്റുകയായിരുന്നു.

 

രണ്ടു പോലീസ് ബസ്സുകളിൽ ആയി സമരത്തിന്റെ മുൻനിര നേതാക്കന്മാരെ മുഴുവനായും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പോലീസ് നടപടി ചോദ്യം ചെയ്ത മുഴുവൻ ആളുകളെയും ബലപ്രയോഗത്തിലൂടെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു.

ഇതിനിടെ കൂടുതൽ നിർമ്മാണപ്രവർത്തിക്കുള്ള വാഹനങ്ങൾ സ്ഥലത്ത് എത്തിച്ച് പ്രദേശത്തെ റോഡിലുള്ള തടസ്സങ്ങൾ മുഴുവൻ പോലീസ് മാറ്റി.

ഏതാണ്ട് ഒരു മണിക്കൂർ ശേഷം മുഴുവൻ പോലീസുകാരെയും വിന്ന്യസിച്ച് ജെസിബി ഉപയോഗിച്ച് സമരപ്പന്തൽ പൊളിച്ചു നീക്കി.

നേതാക്കൾ മുഴുവൻ കസ്റ്റഡിയിൽ ആയതോടെ സ്ത്രീകൾ മാത്രമായ സമരപ്പന്തലിൽ നിന്ന് അവരെ ഒഴിപ്പിക്കാൻ പോലീസിനെ വേഗം സാധിച്ചു. 11 മണിക്ക് ആരംഭിച്ച പോലീസ് നടപടി ഏതാണ്ട് ഒന്നരമണിക്കൂറിലേറെ നീണ്ടുനിന്നു.

ഇതിനിടെ പോലീസ് മർദ്ദനമേറ്റെന്ന് ആരോപിച്ച് തിക്കോടി വടക്കയിൽ വത്സല (59) സമരപ്പന്തലിൽ കുഴഞ്ഞുവീണത് പ്രതിഷേധം ഉയർത്തി. ഇവർ പിന്നീട് പെരുമാൾപുരം സാമൂഹിക ആശുപത്രിയിൽ ചികിത്സ തേടി.

പ്രവർത്തകരും പോലീസുമായുള്ള ഉന്തും തള്ളിനുമിടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe