താമസ സ്ഥലത്ത് ബാര്‍ബര്‍ ഷോപ്പ് നടത്തിയ എട്ട് പ്രവാസികളെ അറസ്റ്റ് ചെയ്തു

news image
Jun 26, 2023, 9:01 am GMT+0000 payyolionline.in

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ സ്ഥലം കേന്ദ്രീകരിച്ച് ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്ന എട്ട് പ്രവാസികളെ അധികൃതര്‍ അറസ്റ്റ് ചെയ്‍തു. കഴിഞ്ഞ ദിവസം ഉമ്മു അല്‍ ഹയ്‍മാന്‍ ഏരിയയില്‍ നടന്ന റെയ്ഡിനിടെയാണ് ഇവര്‍ പിടിയിലായത്. രാജ്യത്തെ തൊഴില്‍ നിയമങ്ങളും താമസ നിയമങ്ങളും ഈ പ്രവാസികള്‍ ലംഘിച്ചുവെന്നാണ് പരിശോധക സംഘം കണ്ടെത്തിയത്. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല

 

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡന്‍സ് അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് കീഴില്‍ മൂന്ന് വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രവാസികളെ പിടികൂടിയത്. ഇവര്‍ക്ക് പുറമെ ഫര്‍വാനിയ, കബദ്, ദാഹെര്‍ എന്നിവിടങ്ങളില്‍ നിന്ന് വിവിധ നിയമലംഘനങ്ങള്‍ക്ക് 24 പ്രവാസികളെക്കൂടി സംഘം അറസ്റ്റ് ചെയ്‍തു.

കുവൈത്തില്‍ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികളെ കണ്ടെത്താന്‍ വ്യാപക പരിശോധനകളാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ കുറേ മാസങ്ങളായി നടന്നുവരുന്നത്. ഗതാഗത നിയമ ലംഘനങ്ങളില്‍ ഉള്‍പ്പെടെ ഏര്‍പ്പെടുന്ന പ്രവാസികളെയും വ്യാപകമായി അറസ്റ്റ് ചെയ്യുന്നുണ്ട്. പിടിയിലാവുന്ന വിദേശികളെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും അവിടെ വെച്ച് തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തുകയുമാണ് ചെയ്യുന്നത്.

നിലവില്‍ താമസ നിയമങ്ങള്‍ ലംഘിച്ച് ഒന്നേകാല്‍ ലക്ഷത്തിലധികം പ്രവാസികള്‍ കുവൈത്തില്‍ താമസിക്കുന്നുണ്ടെന്നാണ് അധികൃതരുടെ കൈവശമുള്ള കണക്ക്. ഇവരില്‍ പലരും വര്‍ഷങ്ങളായി നിയമം ലംഘിച്ച് രേഖകളില്ലാതെ താമസിച്ചുവരികയുമാണ്. ഇവരുടെ കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കാന്‍ തീരൂമാനിച്ചതായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുവൈത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ നടന്നുവരുന്ന റെയ്ഡ് ഉള്‍പ്പെടെയുള്ള നടപടികളെ ഇത് ബാധിക്കുകയില്ലെന്നും അധികൃതര്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe