താനൂർ ബോട്ട് അപകടം; ശിക്കാര ബോട്ടുകള്‍ നിയമാനുസൃതമെന്ന് ഉറപ്പാക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

news image
May 8, 2023, 3:32 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃതമായും നിയമ വിരുദ്ധവുമായി സര്‍വ്വീസ് നടത്തുന്ന ശിക്കാര ബോട്ടുകള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ടൂറിസ്റ്റ് – ശിക്കാര ബോട്ടുകള്‍ക്ക് അനുമതി നല്‍കുന്നത് ഇന്‍ലാന്റ് വെസല്‍ ആക്റ്റ് പ്രകാരമാണ്. സര്‍വ്വീസിന് പുറമെ നിര്‍മ്മാണം മുതല്‍ രജിസ്‌ട്രേഷന്‍ വരെയുള്ള ഓരോ ഘട്ടവും ഈ നിയമത്തില്‍ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്.

കുട്ടികളും സ്ത്രീകളുമടക്കം ഇരുപ്പത്തി രണ്ട് മനുഷ്യ ജീവന്‍ അപഹരിച്ച താനൂര്‍ ബോട്ട് ദുരന്തം സകല മനുഷ്യരുടെയും ഹൃദയം തകര്‍ത്ത സംഭവമാണ്. ഈ ദുരന്തത്തിനെ തുടര്‍ന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്തും ഏകോപിപ്പിച്ചും നടത്തിയ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് മാതൃകാപരമാണ്. അപകടത്തിലേക്ക് നയിച്ച കാരണങ്ങളെയും ഉത്തരവാദികളെയും കണ്ടെത്താനും ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കൈകൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനും ഈ രംഗത്തെ സാങ്കേതിക വിദഗ്ധരെയടക്കം ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണവും പ്രതീക്ഷാര്‍ഹമാണ്.

എന്നാല്‍ ഈ ദുരന്തത്തെ തുറമുഖ വകുപ്പുമായി ചേര്‍ത്ത് വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ ചില തല്‍പ്പരകക്ഷികള്‍ പ്രചരിപ്പിക്കപ്പെടുന്നത് നിഗൂഢമായ ലക്ഷ്യങ്ങളോടെയാണ്. ഇത് കേരളീയ പൊതുസമൂഹം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe