ജില്ലയില്‍ വ്യാപകമഴ; ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളില്‍ തെങ്ങ് വീണു, തലനാരിഴയ്ക്ക് രക്ഷ

news image
Jan 10, 2024, 1:07 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം പെയ്ത വ്യാപക മഴയിൽ വൻ നാശനഷ്ടം.  ഇന്നലെ ഉച്ചക്ക് ശേഷം പെയ്ത കനത്ത മഴയില്‍ കോഴിക്കോട് നഗരവും മലയോരമേഖലകളിലും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. മിക്കയിടങ്ങളിലും 30മിനിട്ട് വരെ നിര്‍ത്താതെ  മഴലഭിച്ചതായാണ് ലഭിക്കുന്ന വിവരം. നിര്‍ത്താതെ മഴപെയ്തതിനെ തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്.

 

കൊയിലാണ്ടി, കക്കോടി എന്നിവിടങ്ങളില്‍ മഴയെ തുടര്‍ന്ന് കടകളില്‍ വെള്ളം കയറി. മലയോരമേഖലയായ മുക്കം, താമരശേരി, അനക്കാംപൊയില്‍, ഈങ്ങാപ്പുഴ എന്നിവിടങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. ആനക്കാം പൊയിലില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായാതായി സംശയമുണ്ട്. കോഴിക്കോട് ദേശീയ പാതയില്‍ എരഞ്ഞിക്കല്‍ പാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മേലേക്ക് തെങ്ങ് കടപുഴകി വീണു. സ്‌കൂട്ടറില്‍ രണ്ട് യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ഇരുവരും പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

അപകടത്തിൽ സ്‌കൂട്ടറിന് ഭാഗികമായി നാശനഷ്ടം സംഭവിച്ചു.  ജില്ലയില്‍ ശക്തമായ മഴ കണക്കിലെടുത്ത് കാലാവസ്ഥ നിരീക്ഷണകേന്ദ്രം കഴിഞ്ഞ ദിവസം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും ശക്തമായ മഴ ലഭിച്ചിരുന്നു. അതേസമയം വടക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ മഴ തുടരുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe