കൊയിലാണ്ടി: ജില്ലയിലെ മികച്ച പി.ടി.എ അവാർഡ് ആന്തട്ട ഗവ.യു.പി സ്കൂളിന് അർഹതക്കുള്ള അംഗീകാരമായി മാറി. എഴുപതിനായിരം രൂപയാണ് അവാർഡ് തുകയായി ലഭിക്കുക.നിരവധി നൂതന പദ്ധതികൾ ഒരുക്കിക്കൊണ്ട് മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാവാൻ ആന്തട്ടക്കു കഴിഞ്ഞു. പഠന പരിമിതി അനുഭവിക്കുന്ന കുട്ടികൾക്കായി ഒരുക്കിയ സ്മൈൽ പദ്ധതി വിദ്യാഭ്യാസ വകുപ്പിന്റെ ക്യു.ഐ.പി. വിഭാഗത്തിന്റെ പ്രശംസ പിടിച്ചുപറ്റി. പ്രത്യേക കൈപ്പുസ്തകം തയ്യാറാക്കി വർഷം മുഴുവൻ പഠന പോഷണ പരിപാടി നടത്തി.
സ്പോൺസർമാരുടെ സഹായത്തോടെ ഇരുപത്തിരണ്ട് ദിനപത്രങ്ങൾ വർഷം മുഴുവൻ ക്ലാസുകളിലെത്തിച്ച് കുട്ടികളുടെ പത്രവായന ശീലമാക്കി മാറ്റി.സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുട്ടികളുടെ കുടുംബങ്ങൾക്ക് സ്പോൺസർമാരുടെ സഹായത്തോടെ പ്രത്യേക ധനസഹായം നൽകി.ഫസ്റ്റ് എയിഡ് ക്യാമ്പിലൂടെ മുഴുവൻ കുട്ടികൾക്കും ജീവൻ രക്ഷാ പരിശീലനം നൽകി. വർധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ ലഹരി വിരുദ്ധ മനുഷ്യ മതിൽ ഉൾപ്പെടെ ബോധവൽകരണ പ്രവർത്തനങ്ങൾ നടത്തി. വിത്തെറിയാം വിളവെടുക്കാം പദ്ധതിയിലൂടെ ജൈവ പച്ചക്കറികളും പയർ വർഗങ്ങളും ഉൽപാദിപ്പിച്ച് ഉച്ച ഭക്ഷണ വിതരണ പദ്ധതിയിൽ സ്വാശ്രയത്വം കൈവരിക്കാൻ ശ്രമിച്ചു. മുന്നാസ് ഗ്രൂപ്പിൽ നിന്നും വിട്ടു കിട്ടിയ ഇരുപത്തിരണ്ട് സെൻറ് ഭൂമിയിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെയായിരുന്നു കൃഷി. ഇടവിള കൃഷിയും നടത്തിയിരുന്നു. കൃഷി മുന്നോട്ടു കൊണ്ടുപോയ അമ്മ ഗ്രൂപ്പിന് ട്രാക്ടർ ഓടിക്കാനുള്ള പരിശീലനവും നൽകി.ഗ്രാമ പഞ്ചായത്തിന്റെ കാർഷിക അവാർഡ് നേടാനും സ്കൂളിന് കഴിഞ്ഞു. സ്കൂളിൽ സ്വന്തമായൊരുക്കിയ മിനി പ്ലാനറ്റോറിയം സമൂഹ ശ്രദ്ധ പിടിച്ചുപറ്റി.
ഗ്രാൻഡ്ഫുഡ് എന്ന പേരിൽ നടത്തിയ ഉച്ചഭക്ഷണ പദ്ധതിയും മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയായി . സ്പോൺസർമാരുടെ സഹായത്തോടെ മാംസക്കറി, പായസം, പഴവർഗങ്ങൾ എന്നിവയൊക്കെ ഉച്ച ഭക്ഷണത്തിന്റെ ഭാഗമായി മാറി.സ്കൂൾ തുറക്കലിനു മുന്നോടിയായി എട്ട് മേഖലകളിലായി നടത്തിയ സമഗ്രാസൂത്രണ ശിൽപശാലയിൽ ഉരുത്തിരിഞ്ഞ ആശയങ്ങളും സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ ഭാഗമായി നടപ്പിലാക്കി വരുന്നു.കാപ്പാട് കടൽത്തീര ശുചീകരണം, എല്ലാ ക്ലാസുകളിലും ഗാന്ധി സാന്നിധ്യം, ഫുഡ് ഫെസ്റ്റ്, സയൻസ് ഡെ, മാത്സ് ഫെസ്റ്റിവൽ , പ്രതിഭകൾക്കൊപ്പം പരിപാടി , കിഡ്സ് ഫെസ്റ്റ് തുടങ്ങിയവയും സവിശേഷ ശ്രദ്ധ നേടി. ജെ.ആർ.സി. യൂനിറ്റ് ഉത്പാദിപ്പിച്ച ആന്തട്ട ചന്ദനത്തിരികൾ വിപണിയിൽ പ്രചരിച്ചിരുന്നു.പാരൻറ് കൗൺസിൽ, പൂർവ അധ്യാപക വിദ്യാർത്ഥി ഫോറങ്ങൾ, എസ്.എം.സി, എസ്.എസ്.ജി എന്നിവയും സജീവമായി പ്രവർത്തിക്കുന്നു. സ്കൂൾ സഭ, ക്ലാസ് സഭ എന്നിവ വഴിയാണ് വിദ്യാലയ പ്രവർത്തനങ്ങൾ വികേന്ദ്രീകരിക്കുന്നത്.
90 ലക്ഷം രൂപ ചെലവിൽ തീരദേശ വികസന വകുപ്പ് നിർമിച്ച പുതിയ കെട്ടിടത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 70 ലക്ഷം രൂപയുടെ വികസന പ്രവർത്തികൾ സ്കൂളിൽ നടന്നു വരുന്നു. പുതിയ കെട്ടിടത്തിന് മൂന്നാം നില പണിയുന്നതിന്റെ ഭരണാനുമതി ഉടൻ ലഭിക്കുമെന്ന് കരുതുന്നു.എ.ഹരിദാസ് പ്രസിഡണ്ടും ഹെഡ്മാസ്റ്റർ എം.ജി.ബൽരാജ് സെക്രട്ടറിയുമായ പി.ടി.എ. കമ്മറ്റിയാണ് സ്കൂളിനെ നയിക്കുന്നത്.