‘ജനങ്ങൾ കാണുന്നുണ്ട്, വിരട്ടൽ വേണ്ട’; ഇഡി സെക്രട്ടറിയറ്റിൽ കയറിയതിന്‍റെ ഉദ്ദേശം വ്യക്തം, ബിജെപിയോട് സ്റ്റാലിൻ

news image
Jun 13, 2023, 12:50 pm GMT+0000 payyolionline.in

ചെന്നൈ: തമിഴ്നാട് സെക്രട്ടേറിയറ്റില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയുടെ വീട്ടിലും സെക്രട്ടറിയറ്റിലെ ഓഫീസിലുമാണ് ഇഡി റെയ്ഡ് നടത്തിയത്. മന്ത്രി ബാലാജി അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. പിന്നെ എന്തിന് സെക്രട്ടേറിയറ്റിൽ കയറി എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. സെക്രട്ടേറിയറ്റിൽ കയറിയതോടെ റെയ്‌ഡിന്‍റെ രാഷ്ട്രീയ ലക്ഷ്യമെന്താണെന്ന് വ്യക്തമായിട്ടുണ്ട്.

രാഷ്ട്രീയമായി നേരിടാൻ പറ്റാത്തതിനാൽ ഇഡിയെ വച്ച് വിരട്ടാനാണ്  ശ്രമം നടത്തുന്നത്. ബിജെപി വിരട്ടാൻ നോക്കിയാൽ വിജയിക്കില്ല. രാഷ്ട്രീയമായി നേരിടാൻ കഴിയാത്തവരെ പിൻവാതിലിലൂടെ ഭീഷണിപ്പെടുത്തുകയാണ് ബിജെപി ചെയ്യുന്നത്. ബിജെപിയുടെ ഭീഷണി രാഷ്ട്രീയം ജനങ്ങൾ കാണുന്നണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് എതിർക്കുന്നവരോട് പ്രതികാരം ചെയ്യുകയാണ് ബിജെപി. അവർക്കറിയാവുന്ന ഒരേയൊരു മാർഗ്ഗമാണിത്. വിവിധ സംസ്ഥാനങ്ങളില്‍ ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്. സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിൽ എന്തിനാണ് റെയ്ഡ് നടത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിൽ പരിശോധന നടത്തേണ്ടതിന്‍റെ ആവശ്യകതയിൽ ഇപ്പോഴും വ്യക്തതയില്ല.

എവിടെയും റെയ്ഡുകൾ നടത്താമെന്ന് കാണിക്കാനോ ഭീഷണിപ്പെടുത്താനോ ആണ് അവർ ആഗ്രഹിക്കുന്നതെന്ന് തോന്നുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തമിഴ്‌നാട് സന്ദർശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഈ സംഭവവികാസമെന്നുള്ളതാണ് ശ്രദ്ധേയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ജീവനക്കാർക്ക് ഹിന്ദി നിര്‍ബന്ധമാക്കി സര്‍ക്കുലർ ഇറക്കിയ ഇൻഷുറൻസ് കമ്പനി ന്യൂ ഇന്ത്യ അഷ്വറൻസ് ക്ഷമാപണം നടത്തിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ വിമര്‍ശനത്തിന് പിന്നാലെയാണ് കമ്പനി ഖേദപ്രകടനം നടത്തിയത്. ഓഫീസ് രേഖകൾ ഹിന്ദിയിൽ സൂക്ഷിക്കണമെന്നും ജീവനക്കാർ ഹിന്ദി അറിഞ്ഞിരിക്കണമെന്നുമായിരുന്നു കമ്പനി പുറത്തിറക്കിയ സര്‍ക്കുലറിലെ ആവശ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe