ചെല്ലട്ടുപൊയിൽ ജനകീയ വായനശാലയിൽ വായനദിനാചരണവും പുസ്തകച്ചർച്ചയും; പ്രതിഭകളെ അനുമോദിച്ചു

news image
Jun 20, 2026, 5:05 pm GMT+0000 payyolionline.in

മേപ്പയ്യൂർ: ചെല്ലട്ടുപൊയിൽ ജനകീയ വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനദിനാചരണത്തിന്റെ ഭാഗമായി പി.എൻ. പണിക്കർ അനുസ്മരണവും, പുസ്തകച്ചർച്ചയും, വിജയികളായ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് കെ.പി. രാജേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

നാടക പ്രവർത്തകൻ എൻ.എം. രവീന്ദ്രൻ പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന പുസ്തകച്ചർച്ചയിൽ എം.ടി. വാസുദേവൻ നായരുടെ പ്രശസ്ത നോവലായ ‘മഞ്ഞ്’ അധ്യാപികയും സാഹിത്യ സാംസ്കാരിക പ്രവർത്തകയുമായ ഷഹനാസ് കെ.സി. അവതരിപ്പിച്ചു. നോവലിലെ പ്രധാന കഥാപാത്രങ്ങളായ വിമലയുടെയും സുധീർ കുമാറിന്റെയും മനസ്സിലെ മഞ്ഞുരുകാത്ത നോവുകളും വിരഹവും കാത്തിരിപ്പും അതേ തീവ്രതയോടെ കേൾവിക്കാരിൽ എത്തിക്കാൻ അവതരണത്തിന് സാധിച്ചു.

തുടർന്ന് നടന്ന ചർച്ചയിൽ നാണു തറമ്മൽ, വി.പി. രവീന്ദ്രൻ, അസീസ് മാസ്റ്റർ, അമൃത പി.എം., ബൈജു പാലയാട്, നിജീഷ് കെ.കെ. എന്നിവർ പങ്കെടുത്തു. വിമലയുടെ കാത്തിരിപ്പിന്റെ ആഴവും നൈനിറ്റാളിന്റെ പശ്ചാത്തലവും നോവലിലെ ഓരോ കഥാപാത്രങ്ങളെയും ചർച്ചയിൽ അനാവരണം ചെയ്തു. ചടങ്ങിൽ ഷഹനാസ് ടീച്ചർ വായനശാലയിലേക്കുള്ള പുസ്തകങ്ങൾ സംഭാവനയായി നൽകി.

വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച പ്രദേശത്തെ വിദ്യാർത്ഥികളെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.

എൽ.എസ്.എസ്. വിജയികൾ: ആരവ് മിഥുൻ, ആമിഷ് മുഹമ്മദ്‌, സമന്യു ടി.കെ.സി., ഇഷാൻ അഹമ്മദ്, സാത്യുക് ബി. യു.എസ്.എസ്. വിജയി: ഇഷാൻ കൃഷ്ണ ആർ.എസ്. എസ്.എസ്.എൽ.സി. (ഫുൾ എ പ്ലസ്): ശ്രേയ ആർ.കെ., റിഷിക ആർ. ഷെറിൻ, അനോമ എസ്. അജിത്ത്, ലാമിയ എസ്.ആർ., റിഥുനന്ദ് എം., റിഷിൻ വിനോദ്, സയാന സജീവൻ, ശിഖ കെ.കെ.

എസ്.എസ്.എൽ.സി. (9 എ പ്ലസ്): ശ്രദ്ധ ആർ.കെ., ദേവിക എം. പ്ലസ് ടു (ഫുൾ എ പ്ലസ്): നിവേദ്യ എം.പി. പ്ലസ് ടു (5 എ പ്ലസ്): തപന്യ രാജ് പി.എം.
നവോദയ പ്രവേശനം: ജവഹർ നവോദയ വിദ്യാലയത്തിലേക്ക് പ്രവേശനം നേടിയ നിപുൺ എൻ.
ചടങ്ങിൽ ഗ്രന്ഥാലയം സെക്രട്ടറി പി.സി. പ്രകാശൻ സ്വാഗതവും കെ.കെ. ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe