‘ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടാൽ രാജിക്ക് തയ്യാറാണ്’: ബ്രിജ് ഭൂഷണ്‍

news image
Apr 28, 2023, 3:24 pm GMT+0000 payyolionline.in

ദില്ലി: ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടാൽ രാജിവെക്കാൻ തയ്യാറാണെന്ന്  ബ്രിജ് ഭൂഷൺ. സുപ്രീംകോടതി രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനമാണ്.  സുപ്രീംകോടതിയെ ചോദ്യം ചെയ്യാൻ തയ്യാറല്ലെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. ഗുസ്തി താരങ്ങളുടെ ആവശ്യം ദിനംപ്രതി കൂടിക്കൂടി വരുന്നു. ആദ്യം ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി ആവശ്യപ്പെട്ടു. പിന്നീട് ലൈംഗികാരോപണം ഉയർത്തി. സമിതി റിപ്പോർട്ട് സമർപ്പിക്കും മുമ്പ് അടുത്ത പ്രതിഷേധം തുടങ്ങിയെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. രാജിവെക്കാൻ തയ്യാറാകുന്നത് കുറ്റം സമ്മതിച്ചിട്ടല്ല എന്നും ഗുസ്തി താരങ്ങൾക്ക് അതാണ് വേണ്ടതെങ്കിൽ രാജിക്ക് തയ്യാറെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ കേസെടുക്കുമെന്ന് അറിയിച്ചെങ്കിലും സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ അറിയിച്ചിരുന്നു. എഫ്ഐആർ എടുത്തതുകൊണ്ട് മാത്രമായില്ല. കുറ്റവാളി ശിക്ഷിക്കപ്പെടണം. ബ്രിജ് ഭൂഷനെതിരെ നിരവധി എഫ്ഐആർ വേറേയും ഉണ്ട്. അതിലൊന്നും നടപടി സ്വീകരിച്ചിട്ടില്ലെന്നും ഗുസ്തി താരങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

കായിക താരങ്ങളുടെ ആരോപണങ്ങളിൽ ഇന്ന് തന്നെ കേസെടുക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ അറിയിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരത്തിനുള്ളിൽ കേസെടുക്കുമെന്നാണ് തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചത്. ബ്രിജ്ഭൂഷനെതിരെ പരാതി നൽകിയ പ്രായപൂർത്തിയാകാത്ത താരങ്ങൾക്ക് സുരക്ഷ നൽകണമെന്ന് ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. മറ്റ് പരാതിക്കാരുടെ പരാതിയിൽ സുരക്ഷാ കമ്മീഷണർ സ്ഥിതി വിലയിരുത്തി തീരുമാനിക്കണം. കോടതി നിലവിൽ അന്വേഷണം നിരീക്ഷിക്കുന്നില്ല. എന്നാൽ എന്തു സംഭവിക്കുന്നുവെന്ന് കൃത്യമായി കോടതിയെ അറിയണമെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും. അതേസമയം, ജന്തർ മന്തറിൽ ഗുസ്തി താരങ്ങൾ  നടത്തുന്ന സമരം ആറാം ദിവസവും തുടരുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe