കോഴിക്കോട്: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നില്ലെന്ന് പരാതി. കോഴിക്കോട് മെഡിക്കൽ കോളജിൽ സിറിഞ്ച് സ്റ്റോക് ഇല്ലാത്തതിനാൽ പുറത്തുനിന്ന് വാങ്ങിപ്പിക്കുകയാണെന്ന് രോഗികളുടെ കൂട്ടിരിപ്പുകാർ പറഞ്ഞു. ദിനംപ്രതി നൂറുകണക്കിന് രോഗികളെത്തുന്ന മെഡിക്കൽ കോളജിൽ സിറിഞ്ച് സ്റ്റോക് തീർന്നത് വൻ പ്രതിന്ധിയാണ് സൃഷ്ടിക്കുന്നത്.
പകർച്ചവ്യാധി ഭീഷണി നിലനിൽക്കുമ്പോഴും ഡോക്സി സൈക്ലിൻ അടക്കുമുള്ള ആന്റി ബയോട്ടിക് മരുന്നുകൾ പല സർക്കാർ ആശുപത്രികളിലും ആവശ്യത്തിന് സ്റ്റോക്കില്ലെന്നും രോഗികളെക്കൊണ്ട് പുറത്തുനിന്ന് വാങ്ങിപ്പിക്കുകയാണെന്നുമാണ് പരാതി.
താലൂക്ക്, കുടുംബാരോഗ്യകേന്ദ്രങ്ങളിലും ആന്റി ബയോട്ടിക്കുകൾ അടക്കമുള്ള അത്യാവശ്യ മരുന്നുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. റാനിറ്റിൻ, പാൻപട്രസോൾ തുടങ്ങിയ മരുന്നുകൾക്കും ക്ഷാമം നേരിടുകയാണ്. കോർപറേഷന് കീഴിലുള്ള ആറ് അർബൻ ഹെൽത്ത് സെന്ററുകളിലും പാരസെറ്റമോൾ, കഫ്സിറപ് തുടങ്ങിയ മരുന്നുകൾപോലും സ്റ്റോക്കില്ല.
രോഗികളുടെ എണ്ണം കൂടുന്നത് മുൻകൂട്ടിക്കണ്ട് മരുന്ന് സംഭരിച്ചുവെക്കാത്തതാണ് ഇവിടങ്ങളിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിവരം. കെ.എം.എസ്.സി.എല്ലിൽ എല്ലാ മരുന്നുകളും സ്റ്റോക്കുണ്ടെന്ന് അധികൃതർ അറിയിച്ചു. ആശുപത്രികളിൽനിന്ന് ഇന്റഡ് ലഭിക്കുന്നതിനനുസരിച്ച് മരുന്നുവിതരണം ചെയ്യുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.