ഗവി: പത്തനംതിട്ട ഗവിയിൽ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. പിടിയിലായ പ്രതി കുറ്റം സമ്മതിച്ചു. ആദിവാസി വിഭാഗത്തിൽപ്പെട്ട വിനോദ് കുമാറാണ് രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിൽ കുറ്റം സമ്മതിച്ചത്. ബാലാത്സംഗം ചെയ്തിട്ടില്ലെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. വാക്ക് തർക്കത്തിനിടെ പിടിച്ചുതള്ളിയപ്പോൾ തല കല്ലിലിടിച്ച് മരണപ്പെട്ടു എന്നാണ് പ്രതിയുടെ മൊഴി. യുവതിയെ നേരത്തെ പരിചയമുണ്ടെന്നും കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
ഇയാളെ വണ്ടിപ്പെരിയാർ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഇടുക്കി കുമളി വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപത്തുവെച്ചാണ് ഇയാളെ പിടികൂടിയത്. രാവിലെ അങ്കണവാടിയിലേക്ക് പോകുന്നതിനിടയിൽ യുവതി കാണുകയും സംസാരിക്കുകയും ചെയ്തു. ഇതിനിടെയാണ് വാക്കു തർക്കമുണ്ടായതെന്നും ഇയാൾ മൊഴി നൽകി.
ദൃക്സാക്ഷി പൊലീസിന് നൽകിയ വിവരമാണ് വഴിത്തിരിവായത്. പ്രതികളിൽ ഒരാൾ പത്തനംതിട്ട ഗവി റൂട്ടിൽ കുമളി ഭാഗത്തേക്ക് രക്ഷപ്പെട്ടതായാണ് ദൃക്സാക്ഷി നൽകിയ വിവരം. വള്ളക്കടവ് ചെക്ക്പോസ്റ്റിൽ ബസ് തടഞ്ഞാൽ പ്രതിയെ കിട്ടുമെന്നും വിവരം ഇയാൾ നൽകിയിരുന്നു. നാലു പേർ ചേർന്ന് യുവതിയെ വനത്തിലേക്ക് ബലംപ്രയോഗിച്ച് കടത്തിക്കൊണ്ടു പോയെന്നാണ് പൊലീസിന് ദൃക്സാക്ഷി നൽകിയ മറ്റൊരു വിവരം.
ഗവിയിലെ മീനാർ മൂന്ന് ഷെഡ് വളവിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ വീട്ടിൽ നിന്നും അങ്കണവാടിയിലേക്ക് പുറപ്പെട്ട യുവതിയുടെ മൃതദേഹം തോട്ടിൽ കിടക്കുന്ന നിലയിലായിരുന്നു. 32കാരിയായ യുവതി അങ്കണവാടിയിലേക്ക് എത്താത്തതിനെ തുടർന്ന് അന്വേഷണം നടത്തുന്നതിനിടയിൽ വസ്ത്രങ്ങൾ കീറിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
