കോവളത്ത് വിദേശ വനിതയുടെ കൊലപാതക കേസ്; കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

news image
Dec 6, 2022, 1:07 pm GMT+0000 payyolionline.in

തിരുവനന്തപുരം : കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിക്ക് 10 ലക്ഷത്തിൽ താഴാത്ത നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്. കേരള വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. വിദേശ വനിതയുടെ കൊലപാതകത്തിൽ പ്രതികൾ ബലാൽസംഗം ചെയ്തു കൊന്നുവെന്ന് ബോധ്യപ്പെടാനുണ്ടായ 19 കാര്യങ്ങൾ എടുത്തു പറഞ്ഞായിരുന്നു കോടതി ഉത്തരവ്.

സ്ത്രീകൾ എവിടെ ബഹുമാനിക്കപ്പെടുന്നുവോ അവിടെ ദൈവം പ്രസാദിക്കുന്നുവെന്നും അതിഥികളെ ദൈവത്തെ പോലെ കാണണം എന്നും കോടതി പറഞ്ഞു. വിദേശ വനിതയുടെ കൊലപാതക കേസിന്റെ ഉത്തരവ് തുടങ്ങുന്നത് സ്ത്രീകളെയും അതിഥികളെയും ദൈവത്തെ പോലെ കാണമെന്ന ശ്ലോകങ്ങൾ ചൂണ്ടികാട്ടിയായിരുന്നു.

കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിചാരണ കോടതി വിധിച്ചത്. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. 165000 രൂപ പിഴ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. ഇത് കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് നൽകണം.

സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതിക്ക് വ്യക്തമായി. കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണിത്. വിദേശ വനിതയെ കാണാനില്ലെന്ന പരാതി ലാഘവബുദ്ധിയോടെയാണ് പൊലീസ് കൈകാര്യം ചെയ്തത്. വിഷാദ രോഗിയായിരുന്നു കൊല്ലപ്പെട്ട സ്ത്രീ. ചികിത്സയ്ക്കും മറ്റുമായാണ് കേരളത്തിലെത്തിയത്. പതിവായി പ്രഭാത സവാരി നടത്താറുണ്ടായിരുന്നു. ഒരു ദിവസം രാവിലെ നടക്കാനിറങ്ങിയ ലിഗ പിന്നീട് തിരിച്ച് വന്നില്ല. തുടർന്ന് സഹോദരി പല സ്ഥലത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe