ഭോപാൽ: കുനോ നാഷണൽ പാർക്കിലെ ചീറ്റ ട്രാക്കിങ് സംഘത്തിനുനേർക്ക് ഗ്രാമവാസികളുടെ ആക്രമണം. വനംവകുപ്പ് സംഘത്തെ കണ്ടപ്പോൾ കൊള്ള സംഘമാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമിച്ചത്. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലുണ്ടായ സംഭവത്തിൽ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നാലംഗ സംഘമാണ് പൊഹാരി മേഖലയിലെ ബുറാഖേദ ഗ്രാമത്തിനു സമീപം എത്തിയത്. സംരക്ഷിത മേഖലക്ക് പുറത്തേക്ക് പോയ ആശ എന്ന പെൺ ചീറ്റയെ തിരഞ്ഞാണ് സംഘം ഇവിടെ എത്തിയത്. പുലർച്ചെ നാലു മണിയോടെ ഗ്രാമവാസികളിൽ ചിലർ സംഘത്തെ തടഞ്ഞ് ചോദ്യം ചെയ്യുകയും കൊള്ള സംഘമാണെന്ന് കരുതി ആക്രമിക്കുകയുമായിരുന്നു.
ഇതോടെ ഉദ്യോഗസ്ഥർ കുനോ നാഷണൽ പാർക്കിലേക്ക് വിവരം കൈമാറി. സംഭവത്തിൽ കേസെടുത്തതായി കുനോ നാഷണൽ പാർക്ക് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പറഞ്ഞു.