കൊല്ലം -നെല്യാടി – മേപ്പയ്യൂർ റോഡ് വികസനം നീളുന്നു; യാത്രക്കാർ ദുരിതത്തിൽ

news image
Feb 18, 2024, 7:30 am GMT+0000 payyolionline.in

 

മേപ്പയ്യൂർ:കൊല്ലം-നെല്യാടി-കീഴരിയൂർ-മേപ്പയ്യൂർ റോഡ് വികസനം അനന്തമായി നീളുന്നു.
38.9 കോടിയുടെ വികസനപദ്ധതിക്ക് അനുമതിയായിട്ടും സ്ഥലം ഏറ്റെടുത്തുകിട്ടാത്തതാണ് റോഡ് വികസനത്തിന് തടസ്സം എന്നാണ് ഇപ്പോൾ പറഞ്ഞ് കൊണ്ടിരിക്കുന്നത്.
9.59 കിലോമീറ്റർ ദൈർഘ്യമുള്ള കൊല്ലം-മേപ്പയ്യൂർ റോഡ് 10 മീറ്റർ വീതിയിലാണ് വികസിപ്പിക്കാൻ പദ്ധതി തയ്യാറാക്കിയത്. 2016-ൽ തുടങ്ങിയതാണ് റോഡ് വികസനപദ്ധതി. 2016-ൽ 10 കോടി രൂപയായിരുന്നു സംസ്ഥാന ബജറ്റിൽ വകയിരുത്തിയത്. എന്നാൽ പിന്നീട് ഈ തുക അപര്യാപ്തമാണെന്നുകണ്ട് കിഫ്ബി പദ്ധതിയിൽപ്പെടുത്തി 38.9 കോടി രൂപ അനുവദിക്കുകയായിരുന്നു. നിലവിൽ കേരള റോഡ്‌സ് ഫണ്ട് ബോർഡിനാണ് റോഡ് പുനരുദ്ധാരണ ചുമതല നൽകിയിരിക്കുന്നത്.


വിയ്യൂർ, കീഴരിയൂർ, കൊഴുക്കല്ലൂർ, വില്ലേജുകളിൽ 1.655 ഹെക്ടർ സ്ഥലം റോഡ് വികസനത്തിനായി ഏറ്റെടുക്കണം. ഇതിനായി അതിർത്തി കല്ലിടുന്ന ജോലി ആരംഭിച്ചെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല.
കൊല്ലം-നെല്യാടി റോഡ് വികസനം മുടങ്ങിക്കിടക്കുകയാണ് . ഭൂമിയേറ്റെടുക്കൽ നടപടികൾ ഊർജിതമാക്കാൻ കെ.ആർ.എഫ്.ബി. പ്രോജക്ട് ഡയറക്ടറോട് ആവശ്യപ്പെട്ടതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. അതിർത്തി കല്ലിടൽ ജോലി 90 ശതമാനവും പൂർത്തിയായെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. ഭൂമിയേറ്റെടുക്കാൻ 5.98 കോടി രൂപയാണ് വകയിരുത്തിയത് എന്നും മന്ത്രി പറഞ്ഞിരുന്നു.
ഈ റോഡിന്റെ വികസനത്തിന് മറ്റൊരു തടസ്സമായി ഇപ്പോൾ പ്രചരിപ്പിക്കുന്നത് കൊല്ലം റോഡിൽ ദേശീയ പാത വികസനത്തിന്റെ ഭാഗമായി നിർമിച്ച അണ്ടർപാസാണ്. കൊല്ലം-മേപ്പയ്യൂർ റോഡ് മുറിച്ചുകടന്നാണ് നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമിക്കുന്നത്. റോഡ് മുറിച്ചുകടക്കുന്നിടത്ത് അശാസ്ത്രീയമായ രീതിയിലാണ് അണ്ടർപാസ് നിർമിച്ചത്. നിലവിലെ റോഡിൽനിന്ന് മാറിയാണ് കൊല്ലം-നെല്യാടി റോഡിൽ അണ്ടർ പാസ് നിർമിച്ചത്. ഇതുകാരണം നാലുവീടുകൾ ഒഴിപ്പിച്ചാലേ ഇനി റോഡ് വികസനം സാധ്യമാകൂ. എൻ.എച്ച്.എ.ഐ. അധികൃതർ തെറ്റായ രീതിയിൽ അടിപ്പാത നിർമിച്ചതാണ് ഈ പ്രശ്നത്തിന് ഇടയാക്കിയത്.
ഈ റോഡിൽ സ്വകാര്യ കമ്പനിയുടെ കേബിൾ സ്ഥാപിക്കാൻ കുഴിയെടുത്തിട്ടുണ്ട്. ഈ ഭാഗത്ത് റോഡ് ശരിയാക്കിയിട്ടില്ല. വ്യവസ്ഥയിൽ പറഞ്ഞതിന് വിരുദ്ധമായിട്ടാണ് സ്വകാര്യകമ്പനി കേബിൾ വലിച്ചതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അവർക്ക് കേബിൾ വലിക്കാൻ നൽകിയ അനുമതി പിൻവലിച്ചിരിക്കുകയാണ്.തിരുവള്ളൂർ, വേളം, ചെറുവണ്ണൂർ പഞ്ചായത്തുകളിൽ നിന്ന് കൊയിലാണ്ടി വഴി കോഴിക്കോടേക്ക് എത്തിച്ചേരാൻ എളുപ്പവഴിയാണ് ഈ റോഡ്.ഇരു ചക്രവാഹന യാത്ര ഉൾപ്പെടെ ഈ റോഡിലൂടെയുള്ള യാത്ര വലിയ ദുഷ്കരമാണ്.

റോഡ് നവീകരണം ഉടൻ നടത്തണം
മേപ്പയ്യൂർ: കൊല്ലം-നെല്യാടി റോഡിൻ്റെ നവീകരണം ഉടൻ നടത്തണമെന്ന് മുസ്‌ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.3 ബജറ്റുകളിലായി കോടികളുടെ ഫണ്ട് അനുവദിച്ചു എന്ന് പറഞ്ഞ് ജനങ്ങളെ കബളിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും പൊതുജനങ്ങളെ അണിനിരത്തി സമരത്തിൻ്റെ ഒന്നാം ഘട്ടം മേപ്പയ്യൂരിൽ ജനകീയ ധർണ്ണ നടത്തുവാൻ കമ്മിറ്റി തീരുമാനിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ അധ്യക്ഷനായി.എം.എം.അഷറഫ്, കെ.എം.എ അസീസ്,ടി.എം അബ്ദുള്ള, ഇല്ലത്ത് അബ്ദുറഹിമാൻ, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ഐ.ടി അബ്ദുസലാം, ടി.കെ അബ്ദുറഹിമാൻ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe