കൊയിലാണ്ടി വ്യാപാര ഭവൻ അടിച്ചു തകർത്ത സംഭവം; പ്രതികളെ അറസ്റ്റ് ചെയ്ത് നിയമ നടപടി സ്വീകരിക്കണമെന്ന് യൂണിറ്റ് കമ്മിറ്റി

news image
Aug 8, 2023, 2:48 pm GMT+0000 payyolionline.in
കൊയിലാണ്ടി: വ്യാപാരി നേതാക്കളുടെ പേരിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിന്റെ വ്യാപാര ഭവൻ അടിച്ചു തകർത്ത് അതിക്രമിച്ചു കയറി പണവും, സംഘടനാ രേഖകളും കവർച്ച ചെയ്ത പ്രതികളെ അറസ്റ്റ് ചെയ്ത് നിയമ നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. സംഘടനയുടെ പേരിൽ ജില്ലയിൽ നടത്തുന്ന ‘ആശ്വാസ് പദ്ധതിയുടെ’ സുതാര്യതയെ കുറിച്ച് അന്വേഷിച്ച് സംസ്ഥാന നേതൃത്വത്തിന് കത്തയച്ചതാണ് അക്രമത്തിനു കാരണമെന്ന് കമ്മിറ്റി ആരോപിച്ചു. ആശ്വാസ് പദ്ധതിയെ കുറിച്ച് സർക്കാർ തലത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
സംഘടനയുടെ പേരിൽ നടത്തുന്ന ആശ്വാസ പദ്ധതിയിൽ 32000 അംഗങ്ങളെ ചേർത്തു എന്നുള്ള അനൗദ്യോഗികമായ കണക്കുകളാണ് ഭാരവാഹികൾ പല സമയത്തായി പുറത്തുവിട്ടിട്ടുള്ളത്. എന്നാൽ അംഗങ്ങളിൽ നിന്നും പിരിച്ചിരുന്നത് 100 രൂപയാണ്. ഒരു അംഗത്തിന്റെ  മരണത്തിന് പിരിച്ചെടുക്കുന്ന 32 ലക്ഷം രൂപയിൽ 22 ലക്ഷം രൂപയിലധികവും ഭാരവാഹികൾ തങ്ങളുടെ കൈക്കലാക്കുന്ന ഈ പദ്ധതിയിൽ ഒരു അംഗത്തിനെ പോലും കൊയിലാണ്ടി യൂണിറ്റിൽനിന്നും ചേർക്കാൻ കഴിയില്ല എന്ന് യൂണിറ്റ് കമ്മിറ്റി തീരുമാനമെടുത്തതിന്റെ വൈരാഗ്യമാണ് യൂണിറ്റ് വ്യാപാരഭവനിൽ അരങ്ങേറിയ അതിക്രമം എന്നും കമ്മിറ്റി ആരോപിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം വിഷയത്തെ നിയമപരമായും സംഘടനാപരമായി നേരിടേണ്ടി വരുമെന്നും നേതാക്കൾ പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട്  കെ. പി. ശ്രീധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി.ടി.കെ. റിയാസ്,  ട്രഷറർ  ഷറഫുദീൻ, രാംദാസ് റോയൽ, ചന്ദ്രൻ ഐശ്വര്യ, വി.പി.ബഷീർ, ശശീന്ദ്രൻ , ജിതേഷ് സംസാരിച്ചു. ഓഫീസ് പോലീസ് പൂട്ടി സീൽ ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe