കൊയിലാണ്ടി: നിയന്ത്രണം വിട്ട ബുള്ളറ്റ് മോട്ടോർ സൈക്കിളിനെ വെട്ടിക്കുന്നതിനിടെ രണ്ട് കാറുകൾ കൂട്ടിയിടിച്ച് അപകടം. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്. സ്കൂളിന് മുൻപിൽ ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ റോഡരികിലെ സിഗ്നൽ പോസ്റ്റ് പൂർണ്ണമായും തകർന്നു. ബൈക്ക് യാത്രക്കാരിയായ മൂടാടി സ്വദേശിനിയായ യുവതിക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്.
ലിങ്ക് റോഡിൽ നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് പ്രവേശിക്കുകയായിരുന്ന കാറിന് മുൻപിലേക്ക്, അതേദിശയിൽ അമിതവേഗതയിലെത്തിയ ബുള്ളറ്റ് പെട്ടെന്ന് വെട്ടിത്തിരിക്കുകയായിരുന്നു. ബുള്ളറ്റിലിടിക്കാതിരിക്കാൻ കാർ പെട്ടെന്ന് മാറ്റിയതോടെ നിയന്ത്രണം വിട്ട് മുൻപിൽ പോവുകയായിരുന്ന മറ്റൊരു കാറിലിടിക്കുകയും, തുടർന്ന് സ്കൂളിന് മുൻപിലെ സിഗ്നൽ ബോർഡിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.
അപകടത്തിൽ കൊയിലാണ്ടി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. സിഗ്നൽ പോസ്റ്റും തകർന്നു വീണു. എന്നാൽ കാറിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
