കൈകാലുകൾ പൊട്ടിയൊലിക്കുന്നു; മത്സ്യം കഴിച്ചു: പത്തനാപുരത്ത് ഭക്ഷ്യവിഷബാധയേറ്റത് 60 പേർക്ക്

news image
Mar 12, 2023, 11:30 am GMT+0000 payyolionline.in

പത്തനാപുരം∙ കൈകാലുകൾ പൊട്ടിയൊലിക്കുന്നു; നടുവിനു താഴേക്കു തളർന്നുവീണവരുണ്ട്. വസ്ത്രങ്ങൾ ഇടാൻ കഴിയാത്തവരുമുണ്ട്.  ശാലേംപുരത്തു ഭക്ഷ്യവിഷബാധയേറ്റ ആളുകൾ പോകാത്ത ആശുപത്രികളില്ല, കഴിക്കാത്ത മരുന്നില്ല, എന്നിട്ടും രോഗം മാത്രം ഭേദമാകുന്നില്ല. മത്സ്യം കഴിച്ചു എന്ന കുറ്റം മാത്രമേ ചെയ്തിട്ടുള്ളൂവെന്നു ഇവർ പറയുന്നു. 8 ദിവസമായി ഇതാണവസ്ഥ.

കഴിഞ്ഞ മൂന്നിന് ഇതു വഴിയെത്തിയ വാഹനത്തിൽ നിന്നു മത്സ്യം വാങ്ങിക്കഴിച്ചതാണു തുടക്കം. ആദ്യ ദിവസം ചെറിയ ചൊറിച്ചിൽ ഉണ്ടായതൊഴിച്ചാൽ മറ്റു പ്രശ്നങ്ങളില്ലായിരുന്നു. ഒരു ദിവസം പിന്നിട്ടപ്പോഴേക്കും അസ്വസ്ഥത വർധിച്ചു. മേഖലയിലെ നാൽപതിലധികം വീടുകളിലായി 60 പേർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.

സംഭവം ആരോഗ്യ വകുപ്പിലും ഭക്ഷ്യസുരക്ഷാ വകുപ്പിലും അറിയിച്ചെങ്കിലും അധികൃതർ തിരിഞ്ഞു നോക്കിയില്ല. ഹൃദയം, വാൽവ്, വൃക്ക തകരാർ പോലെ മറ്റ് അസുഖങ്ങൾ ഉള്ളവർക്ക് ഇതു കൂടുതൽ ബാധിക്കാൻ തുടങ്ങി. ശാലേംപുരം ചെങ്കിലാത്ത് കിഴക്കേതിൽ രാജൻ വർഗീസ്(57), ഭാര്യ ലൈസാമ്മ(52), കുറ്റി വടക്കേതിൽ കെ.ഐ.അജി, മക്കളായ അലൻ, അലീഷ, ശാലേംപുരത്തു സ്ഥാപനം നടത്തുന്ന അശ്വതി എന്നിവർക്കു സ്ഥിതി രൂക്ഷമാണ്.

ഹൃദ്രോഗിയായ രാജന്റെ രണ്ടു കാലും കയ്യും ചൊറിഞ്ഞു പൊട്ടി രക്തം ഒലിക്കുന്ന അവസ്ഥയിലെത്തി. ഭാര്യ ലൈസാമ്മയുടെ നടുവിനു താഴേക്കു തളർച്ച അനുഭവപ്പെടുന്നുവെന്ന് ഇവർ പറയുന്നു.  ഏതു വിഷമാണ് ഉള്ളിൽ ചെന്നതെന്നു മനസ്സിലാക്കാതെ ചികിത്സിക്കാൻ കഴിയില്ലെന്നാണു ഡോക്ടർമാരുടെ വാദം.

കഴിച്ച മത്സ്യത്തിന്റെ ബാക്കിയുമായി ഭക്ഷ്യ-ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഒരാഴ്ചയോളം കാത്തിരുന്നെങ്കിലും ഇതു ശേഖരിക്കാൻ ആരും എത്തിയില്ല. ഒടുവിൽ കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്കു മത്സ്യത്തിന്റെ ബാക്കി എത്തിച്ചു നൽകുകയായിരുന്നു.  ഇതിന്റെ പരിശോധനാ ഫലം വരാൻ ഇനിയും കാത്തിരിക്കണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe