കേസ് ഡയറി കാണാനില്ല, താമരശേരി വനം വകുപ്പ് ഓഫീസ് കത്തിച്ച കേസ് വിചാരണ പ്രതിസന്ധിയില്‍

news image
Jan 28, 2023, 9:09 am GMT+0000 payyolionline.in

കോഴിക്കോട് : കസ്തൂരിരംഗന്‍ സമരത്തിനിടെ താമരശേരി വനം വകുപ്പ് ഓഫീസ് കത്തിച്ച കേസിന്‍റെ വിചാരണ നടപടികള്‍ പ്രതിസന്ധിയില്‍. കേസ് ഡയറി കാണാനില്ല. അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്ന് കേസ് ഡയറി കിട്ടിയിട്ടില്ലെന്ന് അഡീഷണല്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ വിചാരണ കോടതിയെ അറിയിച്ചു. എരഞ്ഞിപ്പാലത്തെ സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കേസ് വിചാരണക്കെടുത്തപ്പോഴാണ് കേസ് ഡയറി കാണാതായ വിവരം അറിയുന്നത്. അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്ന് കേസ് ഡയറി കിട്ടിയിട്ടില്ലെന്ന് അഡീഷണല്‍ ഗവണ്‍മെന്‍റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വക്കറ്റ് കെ. റെയ്ഹാനത്ത് കോടതിയെ അറിയിച്ചു.

അന്വേഷണ ഉദ്യോഗസ്ഥനാണ് കേസ് ഡയറിയുടെ സൂക്ഷിപ്പിന്‍റെ ചുമതല. ഓരോ ദിവസവും കേസ് അന്വേഷിച്ചതിന്‍റെ വിവരങ്ങളും റിപ്പോര്‍ട്ടുകളും ഉള്‍പ്പെടുന്ന കേസ് ഡയറി കാണാതായതോടെ വിചാരണ പ്രതി സന്ധിയിലായി.അന്വേഷണ ഉദ്യോഗസ്ഥര്‍,പ്രൊസിക്യൂഷന്‍ അഭിഭാഷകര്‍, സാക്ഷി കള്‍ എന്നിവര്‍ക്ക് മൊഴിനല്‍കാനാകാത്തെ സ്ഥിതിയുമായി. കുറ്റപത്രത്തിന്‍റേയും അനുബന്ധ രേഖകളുടേയും പകര്‍പ്പ് ആവശ്യപ്പെട്ട് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. തുടക്കത്തില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്‍ കേസ് ഡയറി കാണാനില്ലെന്ന് കോടതിയില്‍ മൊഴി നല്‍കിയിരുന്നു.പ്രായ പൂര്‍ത്തിയാവാത്ത 13 പേര്‍ ഉള്‍പ്പെടെ 37 പ്രതികളാണ് കേസിലുള്ളത്.

2013 ല്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന നടന്ന സമരത്തിലാണ് താമരശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിന് നേരെ ആക്രമണം നടന്നത്.എണ്‍പത് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായി,സര്‍ക്കാര്‍ വാഹനം ഉള്‍പ്പെടെ തീയിട്ട് നശിപ്പിച്ച കേസാണിത്. ഇതിന്‍റെ സുപ്രധാന രേഖയാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് താമരശേരി രൂപതയുടെ പിന്തുണയോടെ നടന്ന സമരത്തിനിടെയാണ് അക്രമസംഭവങ്ങള്‍ ഉണ്ടായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe