കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; കടലിൽ ഉയർന്ന തിരമാല മുന്നറിയിപ്പ്

news image
Jun 15, 2023, 1:55 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ സാധ്യത. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാൽ കേരള,കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.  ഉയർന്ന തിരമാല സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ ഉള്ളവ‍ർ ജാഗ്രത പാലിക്കണം. ഈ ദിവസങ്ങളിൽ തുടർച്ചയായ മഴയ്ക്ക് സാധ്യതയില്ല.  ബിപോർജോയ് ചുഴലിക്കാറ്റിന്റെ തീരം തൊട്ട് ദുർബലമായതിന് ശേഷം കേരളത്തിൽ  കാലവർഷം മെച്ചപ്പെട്ടേക്കുമെന്നാണ്  കാലാവസ്ഥ വിദ്ഗദരുടെ വിലയിരുത്തൽ.

അതിനിടെ ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് കരതൊട്ടുവെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് പൂര്‍ണമായും എത്താൻ ഒരു മണിക്കൂറോളം സമയം ഇനിയും എടുക്കും. രാത്രി എട്ട് മണിയോടെ ചുഴലിക്കാറ്റിന്റെ കണ്ണ് തീരം തൊട്ടേക്കും. ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി ഗുജറാത്ത് മേഖലയിൽ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്.

ചുഴലിക്കാറ്റിന്റെ ദുരന്ത തീവ്രത കുറയ്ക്കാനായി ഇതുവരെ ഒരു ലക്ഷത്തോളം പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വേഗതയിലാണ് ബിപോർജോയ് ചുഴലിക്കാറ്റ് വീശിയടിക്കുന്നതെന്നാണ് ഇപ്പോൾ കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിക്കുന്നത്. കാറ്റഗറി മൂന്നിൽ പെടുന്ന അതി തീവ്ര ചുഴലിക്കാറ്റായാണ് ബിപോർജോയ് ചുഴലിക്കാറ്റ് എത്തുന്നത്.

ഗുജറാത്തിന്റെ തീരാ മേഖലയിലെ എട്ടു ജില്ലകളിലെ 120 ഗ്രാമങ്ങളിൽ കാറ്റ് കനത്ത നാശമുണ്ടാക്കും എന്നാണ് മുന്നറിയിപ്പ്. മൂന്നു സൈനിക വിഭാഗങ്ങളും സർവ്വസജ്ജരായി നിലയുറപ്പിച്ചിട്ടുണ്ട്. ഭക്ഷണവും മരുന്നുമായി മൂന്നു കപ്പപ്പലുകൾ  നാവികസേന ഒരുക്കി നിർത്തിയിട്ടുണ്ട്. ഗുജറാത്തിന്റെ തീരമേഖലയിൽ വ്യോമ, റെയിൽ, റോഡ് ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe