കേരളത്തിന് ശുഭവാർത്ത! കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും പുതിയ സൂചന, അതിതീവ്രമഴക്ക് ഇന്ന് അറുതിയായേക്കും

news image
Jul 6, 2023, 11:14 am GMT+0000 payyolionline.in

തിരുവനന്തപുരം: അതിതീവ്ര മഴയുടെ കെടുതികൾ കേരളമാകെ അനുഭവിക്കുകയാണ്. പ്രളയ സാഹചര്യത്തിലേക്ക് കാര്യങ്ങൾ കടക്കുമോയെന്ന ആശങ്കകൾ പോലും ചില ജില്ലകളിൽ നിന്നും ഉയർന്നുവന്നിരുന്നു. എന്നാൽ കാലാവസ്ഥ വകുപ്പിൽ നിന്നുള്ള ഏറ്റവും പുതിയ സൂചന കേരളത്തിനാകെ ആശ്വാസമാകുന്നതാണ്. അതിതീവ്രമഴക്ക് ഇന്നത്തോടെ ശമനമായേക്കുമെന്നാണ് വ്യക്തമാകുന്നത്.

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനത്തിൽ കേരളത്തിൽ ഒരു ജില്ലയിലും അതിതീവ്രമഴക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ വകുപ്പ് ചൂണ്ടികാട്ടിയിട്ടുള്ളത്. നാളെയും മറ്റന്നാളും കേരളത്തിൽ ഒരു ജില്ലയിലും റെഡ് അലർട്ടോ ഓറഞ്ച് അലർട്ടോ പ്രഖ്യാപിച്ചിട്ടില്ല. നാളെ കേരളത്തിൽ നാല് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് വ്യക്തമാക്കുന്നത് അടുത്ത ദിവസങ്ങളിൽ കനത്ത മഴയിൽ നിന്ന് കേരളത്തിന് ആശ്വാസമാകും എന്നതാണ്.

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത അറിയാം

07-07-2023 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
08-07-2023 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം ഇന്ന് 2 ജില്ലകളിൽ റെഡ് അലർട്ടും 7 ജില്ലകളിൽ ഓറഞ്ച് അലർട്ടും 4 ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ  204.4 എംഎം യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ഓറഞ്ച് അലർട്ട്

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ  എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe