കേരളത്തിനൊപ്പമെന്ന് മോദി: സഹായ വാഗ്ദാനം നൽകി മടക്കം

news image
Aug 10, 2024, 12:52 pm GMT+0000 payyolionline.in

മേപ്പാടി: വയനാട്‌ മുണ്ടക്കെയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ കേരളത്തിന് സഹായം വാ​ഗ്ദാനം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രം ദുരന്ത ബാധിതർക്കൊപ്പമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം മുഴുവൻ ദുരന്തബാധിതർക്കൊപ്പമുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി സർക്കാരുകൾ ഒന്നിച്ച് നിൽക്കേണ്ട സമയമാണെന്നും പറഞ്ഞു. ദുരന്ത ബാധിത മേഖലകൾ സന്ദർശിച്ച ശേഷം കളക്ട്രേറ്റിൽ നടന്ന അവലോകന യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. യോ​ഗം അരമണിക്കൂറോളം നീണ്ടു.

വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിത മേഖലകൾ സന്ദർശിക്കാൻ ശനിയാഴ്‌ച രാവിലെയാണ്‌ പ്രധാനമന്ത്രി എത്തിയത്‌.  വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്ന്‌ കേരളം ആവശ്യപ്പെട്ടിരുന്നു. അവലോകന യോ​ഗത്തിൽ ഉന്നത ഉദ്യോ​ഗസ്ഥർ ദുരന്തത്തിന്റെ വ്യാപ്തി വിശദീകരിച്ചു. 2000 കോടിയുടെ പാക്കേജായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നത്.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 11 മണിയോടെ എത്തിയ പ്രധാനമന്ത്രി വയനാട്ടിലേക്ക് ഹെലികോപ്ടറിലാണ് എത്തിയത്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കെ കെ ശൈലജ എംഎൽഎ, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡി ജി പി ഷേഖ് ദർവേശ് സാഹിബ്‌, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, സിറ്റി പൊലീസ് കമീഷണർ അജിത് കുമാർ, എ പി അബ്ദുള്ളക്കുട്ടി, സി കെ പത്മനാഭൻ തുടങ്ങിയവർ ചേർന്ന് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു.

ആരിഫ് മുഹമ്മദ് ഖാൻ, പിണറായി വിജയൻ, സുരേഷ് ഗോപി എന്നിവർ വയനാട്ടിലേക്ക് ഹെലികോപ്റ്ററിൽ പ്രധാനമന്ത്രിയെ അനുഗമിച്ചു. തുടർന്ന് ഹെലികോപ്റ്ററിൽ രാവിലെ 11.10 മുതൽ പകൽ 12.10 വരെ ദുരന്തബാധിത പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തി. ശേഷം പകൽ 12.15 മുതൽ വയനാട്ടിലെ ദുരന്തഭൂമി സന്ദർശിച്ചു. ശേഷം ആശുപത്രിയിലെത്തി ചികിത്സയിലുള്ളവരെയും കണ്ടു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe