പയ്യോളി: കിഴൂര്‍ കോമത്ത് ഭഗവതി മുത്താച്ചിക്ഷേത്രം പുനര്‍നിര്‍മ്മിച്ച് ദേവസമര്‍പ്പണം നടത്തുന്നു. ഫിബ്രവരി5ന് വൈകീട്ട് 5ന് ആചാര്യവരണം, പ്രാസാദ ശുദ്ധിക്രിയകള്‍, വിവിധ കലശപൂജകള്‍, 6ന് കാലത്ത് മുതല്‍ ഗണപതിഹോമം, മഹാമൃത്യുജ്ഞയഹോമം, സുകൃതഹോമം, വൈകീട്ട് ഭഗവതി സേവ, സര്‍പ്പബലി. 7ന് കാലത്ത് മഹാഗണപതിഹോമം ബ്രഹ്മകലശപൂജ, ഉച്ചയ്ക്ക് 12നും 1നും ഇടയില്‍ ഭഗവതിക്ഷേത്ര പ്രാണപ്രതിഷ്ഠയും ഉപദേവതകളുടെ പ്രതിഷ്ഠയും നടക്കും. പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് തന്ത്രി തരണനല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭന് ഉണ്ണിനമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും.
തുടര്‍ന്ന് പ്രസാദഊട്ട് , വൈകീട്ട് 6ന് തായമ്പക, 6.30ന് കൊടിയേറ്റം, 7ന് ക്ഷേത്രം മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ മെഗാതിരുവാതിര എന്നിവ നടക്കും. 8ന് കാലത്ത് വിശേഷാല്‍പൂജകള്‍, 9ന് കാവുണര്‍ത്തല്‍, 10ന് മഞ്ഞള്പൊടിവരവ്, വൈകീട്ട് 4 മുതല്‍ ആഘോഷവരവുകള്‍, 7 മണിക്ക് താലപ്പൊലിവരവുകള്, തണ്ടാന്റെ കലശം വരവ്, പൂക്കലശം വരവ്, എന്നിവ നടക്കും, തുടര്‍ന്ന് ഗുരുദേവന് മാര്‍പ്പുലിയന്‍, ഭഗവതി, മുത്താച്ചി, കുട്ടിച്ചാത്തന്, ഗുളികന് എന്നീ മൂര്‍ത്തികളുടെ വെള്ളാട്ടും, പുലര്‍ച്ചെ 1 മണി മുതല്‍ ഗുളികന് തിറ, മാര്‍പ്പുലിയന്‍ തിറ, 4.30ന് കുട്ടിച്ചാത്തന് തിറയും കനലാട്ടവും. 9ന് കാലത്ത് 6ന് വിശേഷാല്‍ പൂജകള്‍, ഭഗവതിയുടെ തിറ. 7.30ന് മുത്താച്ചിഅമ്മയുടെ കിഴൂര്‍ ശിവക്ഷേത്രദര്ശവും തിരിച്ചെഴുന്നളളത്തും തുടര്‍ന്ന് മുത്താച്ചിഅമ്മയുടെ തിറയോടെ ഉത്സവം സമാപിക്കും.
കാര്യാട്ട് ഗോപാലന് ചെയര്‍മാനും മോഹന്‍രാജ് തിരുമൂര്‍ത്തി ജനറല്‍ കണ്‍വീനറുമായുള്ള കമ്മിറ്റി 30ലക്ഷം രൂപ ചിലവില്‍ 3 വര്‍ഷം കൊണ്ടാണ് പുനര്‍നിര്‍മ്മിച്ചത്. സി.കെ.നാരായണന്, നിതീഷ് പെരുവണ്ണാന്, ഇ.എം.വൈശാഖ് പണിക്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെയ്യം കെട്ടിയാടുന്നത്.