കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരായ കളളക്കേസിൽ പൊലീസ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിനായി നാളെ രാവിലെ പത്തിന് കൊച്ചി ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. മഹാരാജാസ് കോളേജ് മാർക് ലിസ്റ്റ് വിവാദത്തിൽ ജൂൺ ആറിന് സംപ്രേഷണം ചെയ്ത തത്സമയ റിപ്പോർട്ടിങ്ങിന്‍റെ പകർപ്പും ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കെ വിദ്യക്കെതിരായ വ്യാജരേഖാക്കേസ് റിപ്പോർട്ട് ചെയ്യുന്നതിനിടെ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ മാർക് ലിസ്റ്റ് വിവാദത്തെപ്പറ്റി കെ എസ് യു പ്രവർത്തകൻ ആരോപണമുന്നയിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. കെഎസ്‌യു പ്രവർത്തകൻ ഉന്നയിച്ച ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് പിഎം ആർഷോയുടെ ആരോപണം. പ്രതികളായ മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്‍റെയും വകുപ്പ് മേധാവിയുടെയും മൊഴികൾ പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.