കലങ്ങിത്തെളിയാതെ കര്‍ണാടക; വഴങ്ങാതെ ഡി കെ ശിവകുമാര്‍, മുഖ്യമന്ത്രി പദം കിട്ടിയേ തീരൂവെന്ന് നിലപാട്

news image
May 17, 2023, 5:15 pm GMT+0000 payyolionline.in

ബെം​ഗളൂരു: ഡി കെ ശിവകുമാര്‍ ഉയര്‍ത്തുന്ന വെല്ലുവിളിയില്‍ പ്രതിസന്ധിയായി നാലാം ദിവസവും കര്‍ണ്ണാടക മുഖ്യമന്ത്രി പ്രഖ്യാപനം. നാളെ ഉച്ചക്ക് ശേഷം സത്യപ്രതിജ്ഞ‌ നടത്താനുള്ള സിദ്ധരാമയ്യയുടെ നീക്കം ഡി കെ ശിവകുമാറിന്‍റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് പാളി. ടേം വ്യവസ്ഥ പരസ്യമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട ശിവകുമാര്‍, മന്ത്രി സഭയിലുണ്ടാകില്ലെന്നും നിലപാടെടുത്തു. ശിവകുമാറിന്‍റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒരു തീരുമാനവുമായില്ലെന്ന് കര്‍ണ്ണാടകയുടെ ചുമതലയുള്ള നേതാവ് രണ്‍ ദീപ് സിംഗ് സുര്‍ജേ വാല മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചു.

കര്‍ണ്ണാടക മുഖ്യമന്ത്രി പ്രഖ്യാപിക്കാൻ ചർച്ചകൾ തുടരുകയാണ്. രാഹുല്‍ ഗാന്ധി ഇന്ന് രാവിലെ സിദ്ധരാമയ്യയുമായി കൂടിക്കാഴ്ചക്ക് നടത്തിയതിന് പിന്നാലെ മുഖ്യമന്ത്രിയെ വൈകുന്നേരം പ്രഖ്യാപിക്കുമെന്ന സൂചന സിദ്ധ ക്യാമ്പില്‍ നിന്നെത്തി. ഇതോടെ ബെം​ഗളൂരുവില്‍ ആഹ്ലാദ പ്രകടനം തുടങ്ങി. നാളെ വൈകുന്നരം മൂന്ന് മണിയോടെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ നടക്കുമെന്ന അറിയിപ്പുമെത്തി. ഈ സമയം ശിവകുമാര്‍ രാഹുല്‍ ഗാന്ധിയെ കാണുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനം വേണമെന്ന കടുത്ത നിലപാട് ആവര്‍ത്തിച്ച ശിവകുമാര്‍ ടേം വ്യവസ്ഥയെങ്കില്‍ അത്  പരസ്യമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു. ദളിത്- ലിംഗായത്ത്- മുസ്ലീം സമവാക്യത്തില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനുള്ള നീക്കം തടഞ്ഞ് ഒരു ഉപമുഖ്യമന്ത്രി മതിയെന്നും നിലപാട് കടുപ്പിച്ചു.

എന്നാൽ, ചര്‍ച്ചക്ക് ശേഷം പുറത്തിറങ്ങിയ ശിവകുമാര്‍ കേള്‍ക്കുന്നത് സിദ്ധരാമയ്യ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ്. പിന്നാലെ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗയെ കണ്ട് കടുത്ത പ്രതിഷേധമറിയിച്ച ശിവകുമാര്‍ തന്‍റെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ എങ്ങനെ സത്യപ്രതിജ്ഞ നടക്കുമെന്ന് ചോദിച്ചു. പ്രകോപിതനായ ശിവകുമാറിന്‍റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാധ്യമങ്ങള‍‍ക്ക് മുന്നിലേക്ക് രണ്‍ദീപ് സിംഗ് സുര്‍ജേവാലയെ അയച്ച് ഒരു തീരുമാനവുമായില്ലെന്ന് നേതൃത്വം വിശദീകരിച്ചു. ഖര്‍ഗെയുമായി നടന്ന രണ്ട് മണിക്കൂര്‍ ചര്‍ച്ചയിലും സമവായമായില്ല. പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്ന് പുറത്തിറങ്ങിയ ശിവകുമാര്‍ വ്യക്തമാക്കി. ഡി കെ അനുകൂലികള്‍ നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളിച്ചു.

മുഖ്യമന്ത്രി സ്ഥാനം നല്‍കാതെ വഴങ്ങില്ലെന്ന ശിവകുമാറിന്‍റെ കടുത്ത നിലപാടാണ് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നത്. എംഎല്‍എമാരുടെ ഭൂരിപക്ഷ പിന്തുണ കിട്ടിയ സിദ്ധരാമയ്ക്ക് ആദ്യ ടേം നല്‍കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണ ഏജന്‍സികളുടെ റഡാറിലുള്ള ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കിയാലുള്ള പ്രത്യാഘാതവും പാര്‍ട്ടി ഭയക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe