തലശ്ശേരി : കാണാതായി എട്ടുമാസത്തിനുശേഷം കണ്ണവം കാട്ടിൽ അസ്ഥികൂടം കണ്ടെത്തിയ കേസിൽ പ്രതിയെ വെറുതെവിട്ടു. ജില്ലാ സെഷൻസ് ജഡ്ജി കെ.ടി.നിസാർ അഹമ്മദ് ആണ് വിധിപറഞ്ഞത്. വിലങ്ങാട് ചിറ്റാരിയിലെ കളത്തുവയലിൽ ഷിനോജാണ് (22)കൊല്ലപ്പെട്ടത്.2009 ഓഗസ്റ്റ് 12-നാണ് കേസിനാസ്പദമായ സംഭവം.
സുഹൃത്തും അയൽവാസിയുമായ എ.വി.സാബു(54) കൊലപ്പെടുത്തിയെന്നാണ് കേസ്. സുപ്പർ ഇമ്പോസിഷൻ നടത്തിയാണ് കൊല്ലപ്പെട്ടത് ഷിനോജാണെന്ന് കണ്ടെത്തിയത്. അസ്ഥികൂടത്തിൽ നിന്നുള്ള ഡി.എൻ.എ.യും ഷിനോജിന്റെ അമ്മ ത്രേസ്യാമ്മയുടെ ഡി.എൻ.എ.യും താരതമ്യപഠനം നടത്തിയിരുന്നു. ത്രേസ്യാമ്മയെയും സഹോദരി ടിന്റുവിനെയും വിസ്തരിച്ചു. മുള വെട്ടാനെന്ന് പറഞ്ഞ് ഷിനോജിനെ കണ്ണവം കാട്ടിൽ പൂവത്താങ്കണ്ടിയിൽ എന്ന സ്ഥലത്ത് എത്തിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഷിനോജിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ വളയം പോലീസിൽ പരാതി നൽകിയിരുന്നു. നാദാപുരം സി.ഐ. അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.എട്ടുമാസത്തിന് ശേഷമാണ് അസ്ഥികൂടം കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനയിൽ കൊല്ലപ്പെട്ടത് ഷിനോജാണെന്ന് കണ്ടെത്തി. രണ്ടുമാസത്തിനുശേഷമാണ് പ്രതിയെ പിടികൂടിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്കുമാർ ഹാജരായിരുന്നു.