കടൽ പ്രത്യേക മേഖലകളാക്കി തിരിച്ച് ഖനനം: എതിർപ്പ് അറിയിച്ച് കേരളം

news image
Mar 15, 2023, 2:07 am GMT+0000 payyolionline.in

തിരുവനന്തപുരം∙ ‘ബ്ലൂ ഇക്കോണമി’ നയത്തിന്റെ ഭാഗമായി കടൽ പ്രത്യേക മേഖലകളാക്കി തിരിച്ച് ഖനനം നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കേരളം. തീരത്തിനും കടലിനും മേലുള്ള സംസ്ഥാനത്തിന്റെ അധികാരം കവരുന്നതും മത്സ്യത്തൊഴിലാളികളുടെ നിലനിൽപ്പ് ഇല്ലാതാക്കുന്നതുമാണ് നയമെന്ന് കേരളം കേന്ദ്ര സർക്കാരിനെ അറിയിച്ചു. കടലിലെ ധാതുക്കളുടെ വികസനവും നിയന്ത്രണവും സംബന്ധിച്ച 2002 ലെ നിയമം ഭേദഗതി ചെയ്യുന്നതിനാണ് കേന്ദ്ര മൈനിങ് വകുപ്പ് നീക്കം തുടങ്ങിയിരുന്നത്. ഫെബ്രുവരി 9ന് ഇതു സംബന്ധിച്ച കരടിൽ കേന്ദ്രം സംസ്ഥാനങ്ങളുടെ നിലപാട് ആരാഞ്ഞു. മാർച്ച് 11 ന് മുൻപ് മറുപടി നൽകാനായിരുന്നു നിർദേശം. നയത്തെ എതിർക്കുന്ന നിലപാടാണ് കേരളം സ്വീകരിച്ചിരിക്കുന്നത്.

 

ഭേദഗതി പ്രാബല്യത്തിലായാൽ സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കടലിൽ ഖനനത്തിനു വഴിയൊരുങ്ങും. മണലിനു പുറമേ ക്രൂഡ് ഓയിൽ, നാച്ചുറൽ ഗ്യാസ്, ഖനലോഹങ്ങൾ എന്നിവയും ഖനനം ചെയ്തെടുക്കാനാകും. തീരക്കടൽ, പുറംകടൽ, ആഴക്കടൽ എന്നിവ വിവിധ സ്ലാബുകളായി തിരിക്കും. ഇത്തരത്തിൽ പരമാവധി 45 സ്ലാബുകൾ വരെ സ്വകാര്യ വ്യക്തിക്കോ സംരംഭങ്ങൾക്കോ കൈവശം വയ്ക്കാനാകും. ഇതോടെ ഈ മേഖലകളിൽ സ്വതന്ത്രമായി മത്സ്യബന്ധനവും അനുബന്ധ തൊഴിലുകളും നടത്തിയിരുന്ന മത്സ്യത്തൊഴിലാളികൾ പാടെ പുറത്താകും. നിലവിൽ തീരത്തു നിന്ന് 12 നോട്ടിക്കൽ മൈൽ ദൂരം സംസ്ഥാനങ്ങളുടെ അധികാര പരിധിയിലുള്ളതാണെന്ന് കേരളം ചൂണ്ടിക്കാട്ടി.

ഇവിടെ മത്സ്യബന്ധനാവകാശവും വിഭവങ്ങളുടെ പരിപാലനവും അതത് സംസ്ഥാനങ്ങൾക്കുള്ളതാണ്. ഭരണഘടനാ പരമായ ഈ വ്യവസ്ഥ റദ്ദു ചെയ്ത് തീരദേശത്തെ പുതിയ നിയമത്തിന് കീഴിലാക്കുന്നതാണ് കേന്ദ്ര ഭേദഗതിയെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഖനനം മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നതിനെപ്പറ്റി കരടുരേഖയിൽ പരാമർശമില്ല. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും 50 ലക്ഷത്തിലേറെ വരുന്ന മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനുമായി കേന്ദ്രം പ്രഖ്യാപിച്ച നയമാണ് ബ്ലൂ ഇക്കോണമി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe