വടകര- മാഹി കനാൽ: മൂന്നാം റീച്ചിൽ കര ബലപ്പെടുത്താൻ പുതിയ സാങ്കേതികവിദ്യ

news image
Mar 15, 2023, 2:10 am GMT+0000 payyolionline.in

വടകര : വടകര-മാഹി കനാലിലെ മൂന്നാംറീച്ചിൽപ്പെട്ട പറമ്പിൽ ഭാഗത്തെ കരകൾ ബലപ്പെടുത്താൻ പുതിയ സാങ്കേതികവിദ്യയുടെ സാധ്യതകൾ പഠിക്കാൻ തീരുമാനം. കിഫ്ബി എക്സിക്യുട്ടീവ് ഡയറക്ടറുടെ അധ്യക്ഷതയിൽചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. ഉന്നയിച്ച സബ്മിഷന് മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തേ എൽ.ബി.എസ്. തയ്യാറാക്കിയ ഡിസൈൻ പരിഷ്കരിക്കും. ഈഭാഗത്തെ മണ്ണിന്റെ പ്രത്യേകത പരിഗണിച്ച് ‘റോക്ക് ബോൾട്ട് വിത്ത് വയർ മെഷ് ഫേസിങ്’ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സംരക്ഷണപ്രവൃത്തിയുടെ സാധ്യതയാണ് പരിശോധിക്കുക. എൽ.ബി.എസിന്റെ മാർഗനിർദേശത്തോടെ ഇതിനുള്ള പരിശോധനകൾ നടത്തുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കിവരുകയാണ്. ജലപാതാവികസനം 2025-ൽ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവൃത്തികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. മൂന്നാംറീച്ചിലെ 800 മീറ്റർ ഭാഗത്തെ കനാൽസംരക്ഷണമാണ് പ്രശ്നം.

ഈപ്രവൃത്തി ആരംഭിച്ചാൽമാത്രമേ വടകര-മാഹി കനാൽ പ്രവൃത്തി പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ. വടകര-മാഹി കനാലിന്റെ സ്ഥലം ഏറ്റെടുപ്പിനായി 25.30 കോടി രൂപ അനുവദിച്ചതിലൂടെ പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാനുള്ള എൽ.ഡി.എഫ്. സർക്കാരിന്റെ ഇച്ഛാശക്തി വ്യക്തമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe