ഓടുന്ന ട്രെയിനിനു നേരെ കല്ലേറ്; കോഴിക്കോട് രണ്ട് യുവാക്കൾ പിടിയിൽ

news image
Dec 3, 2022, 3:09 am GMT+0000 payyolionline.in

കോഴിക്കോട്: ഓടുന്ന ട്രെയിനിനുനേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് യുവാക്കള്‍ പിടിയിലായി. കോഴിക്കോട് പുതിയങ്ങാടി നടുവിലകം വീട്ടില്‍ ടി.കെ. ജനീസ് (24), വെസ്റ്റ്ഹില്‍ അത്താണിക്കല്‍ നാരങ്ങാളിപറമ്പ് റീന നിവാസില്‍ സുദര്‍ശ് (25) എന്നിവരാണ് അറസ്റ്റിലായത്. നവംബര്‍ 30ന് രാത്രി വെസ്റ്റ്ഹില്‍-എലത്തൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ വച്ചാണ് തിരുവനന്തപുരം-നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനിനു നേരെ കല്ലേറുണ്ടായത്. സംഭവത്തില്‍ കേസെടുത്ത കോഴിക്കോട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അന്വേഷണം നടത്തുകയും പ്രതികളെ കണ്ടെത്തുകയുമായിരുന്നു.

 

 

 

ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ഉപേന്ദ്രകുമാറും സംഘവും ചേര്‍ന്നാണ് ഇരുവരെയും പിടികൂടിയത്. കോഴിക്കോട് ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. വെസ്റ്റ്ഹില്‍-എലത്തൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ നേരത്തെയും ട്രെയിനിനുനേരെ കല്ലേറ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. റെയില്‍വേ ട്രാക്കിനു സമീപത്ത് തമ്പടിക്കുന്ന മയക്കുമരുന്ന് സംഘങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. ഇരുവര്‍ക്കുമെതിരേ മയക്കുമരുന്ന്, പിടിച്ചുപറിക്കേസുകള്‍ നിലവിലുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ആര്‍പിഎഫ് അറിയിച്ചു. ദീര്‍ഘകാലം കഠിനതടവ് ലഭിക്കാവുന്ന തരത്തിലുള്ള റെയില്‍വേ ആക്ടിലെ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. കല്ലെറിഞ്ഞ സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്. അനധികൃതമായി റെയില്‍വേ പരിസരങ്ങളില്‍ പ്രവേശിച്ച് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍പിഎഫ് അധികൃതര്‍ അറിയിച്ചു. ആര്‍പിഎഫ് എഎസ്‌ഐമാരായ ജി.എസ്. അശോക്, ശ്രീനാരായണന്‍, നന്ദഗോപാല്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍ കെ. സിറാജ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe