ദില്ലി: ഒഡീഷ ട്രെയിൻ അപകടത്തിൽ രക്ഷാപ്രവർത്തനം പൂർത്തിയാക്കി കേന്ദ്ര മന്ത്രിമാരായ അശ്വനി കുമാർ വൈഷ്ണവ്, മൻസൂഖ് മാണ്ഡവ്യ തുടങ്ങിയവർ തിരികെ ദില്ലിയിലെത്തി. അപകടം ഉണ്ടായതിനെ തുടർന്ന് മന്ത്രിമാർ അപകട സ്ഥലത്തേക്ക് തിരിച്ചിരുന്നു. അതേസമയം, അപകടത്തിൽ മരിച്ചവരിൽ തിരിച്ചറിഞ്ഞവരുടെ എണ്ണം 170 ആയിട്ടുണ്ട്. റെയിൽവേ പൊലീസ് കേസെടുത്തിട്ടുണ്ട്. സിബിഐ അന്വേഷണത്തിന്റെ മുന്നോടിയായാണ് കേസ് എടുത്തിരിക്കുന്നത്.
ഒഡീഷ ട്രെയിൻ ദുരന്തത്തിന് കാരണമായത് പോയിന്റ് സംവിധാനത്തിലെ പിഴവെന്നാണ് നിലവിലെ സൂചന. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇൻസ്പക്ഷൻ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിട്ടുണ്ട്. മെയിൻ ലൈനിൽ നിന്ന് ലൂപ്പ് ലൈനിലേക്ക് ട്രെയിൻ നീങ്ങിയത് തെറ്റായ പോയിന്റിംഗ് മൂലമെന്നാണ് വിവരം. പോയിന്റ് സംവിധാനത്തിൽ കഴിഞ്ഞ ദിവസം നടന്ന അറ്റകുറ്റപ്പണി തിരിച്ചടി ആയോയെന്നാണ് പരിശോധിക്കുന്നത്. കോറമാണ്ഡൽ എക്സ്പ്രസിലെ ലോക്കോ പൈലറ്റിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. ഇദ്ദേഹം പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്.
288 പേരുടെ മരണത്തിനും 1000 ലേറെ പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ അപകടവുമായി ബന്ധപ്പെട്ട അന്വേഷണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് റയിൽവേ അറിയിച്ചു. അന്വേഷണം സിഗ്നലിംഗിലെ പിഴവ് കേന്ദ്രീകരിച്ചാണെന്നാണ് വിവരം. അതിനിടെ കേന്ദ്ര റെയിൽവേ മന്ത്രി ആലോചന.
അപകടത്തിൽ മരിച്ചവരിൽ തിരിച്ചറിഞ്ഞ 160 മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്തു. ഇവരുടെ മൃതദേഹങ്ങൾ ജന്മ നാടുകളിലേക്ക് കൊണ്ടുപോകും. തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾക്ക് ഡി എൻ എ പരിശോധന നടത്തുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.