ഐഎസ് കേസ്: അബു മറിയത്തിന് 23 വർഷം കഠിന തടവ്, വിധി എൻഐഎ കോടതിയുടേത്

news image
Sep 19, 2022, 10:19 am GMT+0000 payyolionline.in

കൊച്ചി : ഐഎസ് കേസിൽ കോഴിക്കോട് കൊടുവള്ളി സ്വദേശി അബു മറിയം എന്ന ഷൈബു നിഹാലിന്  23 വർഷം കഠിന തടവ്. കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഭീകര സംഘടനയായ ഐഎസിൽ ചേരാൻ അബു മറിയം നിരവധി പേരെ സഹായിച്ചെന്ന് കോടതി കണ്ടെത്തി. എല്ലാം ചേർത്ത് അബു മറിയം 5 വർഷത്തെ കഠിന തടവ് അനുഭവിച്ചാൽ മതിയാകും.

 

 

ഐപിസി 120 (B), 125 ആം വകുപ്പ്, യുഎപിഎ 38, 39, 40  എന്നീ വകുപ്പുകൾ അനുസരിച്ചാണ് ശിക്ഷാവിധി. കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയുടെ വിധിയനുസരിച്ച് അബു മറിയമെന്ന ഷൈബു നിഹാലാണ് നിഹാലിന് 23 വർഷം കഠിന തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കിൽ ആറ് മാസം തടവ് ശിക്ഷ കൂടി അനുഭവിക്കണം. അബു മറിയം മൂന്നര വർഷമായി ജയിലിലാണ്. അഞ്ച് വർഷത്തെ കഠിന തടവിന് വിധിച്ചതിനാൽ ഇനി ഒന്നര വർഷം കൂടി ശിക്ഷ അനുഭവിക്കണം.

ബഹ്റൈനിൽ പരസ്യ കമ്പനി നടത്തിയിരുന്ന അബു മറിയം അവിടെ ഐഎസ് പരിശീലന ക്ലാസുകളിൽ പങ്കെടുത്തിരുന്നു. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന 12 മലയാളികളിൽ എട്ടുപേർ പിന്നീട് സിറിയയിലെത്തി ഐഎസിൽ ചേർന്നു. ബഹറൈനിൽ പിടിയിലാകുമെന്ന ഘട്ടത്തിൽ ഖത്തറിലേക്ക് കടന്ന അബു മറിയം 2019 ഏപ്രിലിൽ കരിപ്പൂരിലെത്തിയപ്പോഴാണ് എൻഐഎ പിടിയിലായത്.

വിദേശത്തായിരുന്ന കാലത്ത് ഐഎസ് ബന്ധം തുടർന്ന അബു മറിയം കൂട്ടാളികൾക്ക് ഐഎസിൽ ചേരാൻ സാമ്പത്തിക സഹായം നൽകിയിരുന്നുവെന്ന് എൻഐഎ കണ്ടെത്തി. ഭീകരസംഘടനയില്‍ അംഗമായി ഗൂഡാലോചന നടത്തി, ഇന്ത്യയുമായി സൗഹൃദത്തിലുള്ള ഏഷ്യന്‍ രാജ്യങ്ങളുമായി യുദ്ധം ചെയ്യല്‍, ഭീകരസംഘടനയ്ക്ക് സഹായം നല്‍കുക, ഫണ്ട് ശേഖരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് അബു മറിയമിനെതിരെ എൻഐഎ ചുമത്തിയിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe