വന്‍തോതില്‍ മയക്കുമരുന്നുകളും ആയുധങ്ങളുമായി രണ്ടുപേര്‍ പിടിയില്‍

news image
Sep 19, 2022, 10:52 am GMT+0000 payyolionline.in

കുവൈത്ത് സിറ്റി: വന്‍തോതില്‍ ലഹരിമരുന്നുകളും ആയുധങ്ങളുമായി രണ്ടുപേരെ കുവൈത്തില്‍ പിടികൂടി. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. 30 ലക്ഷം കുവൈത്തി ദിനാര്‍ വിപണി വില വരുന്ന വസ്തുക്കളാണ് പിടിച്ചെടുത്തത്.

 

ഒരു ടണ്ണില്‍ കൂടുതല്‍ ലിറിക്ക ഗുളികകള്‍, 35 കിലോ രാസവസ്തു, 18 കിലോ ഷാബു, രണ്ടു കിലോ ഹാഷിഷ്, ഒരു കിലോ ലിറിക്ക പൗഡര്‍, മൂന്ന് കിലോ കഞ്ചാവ്, 2000 ക്യാപ്റ്റഗണ്‍ ഗുളികകള്‍ എന്നിവയാണ് പിടികൂടിയത്. ആയുധങ്ങളും പിടികൂടിയ വസ്തുക്കളില്‍പ്പെടുന്നു. രണ്ട് തോക്കുകള്‍, നാല് പിസ്റ്റള്‍ ഇനത്തില്‍പ്പെട്ട തോക്കുകളും ഇവയില്‍പ്പെടുന്നു.

രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് അധികൃതര്‍ അറിയിച്ചു. നാര്‍കോട്ടിക് കണ്‍ട്രോള്‍ അഡ്മിനിസ്‌ട്രേഷന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രതികളില്‍ ഒരാളുടെ വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു. ഇതിലാണ് മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തത്.

രാജ്യത്തേക്ക് നിരോധിത ക്യാപ്റ്റഗണ്‍ ഗുളികകള്‍ കടത്താനുള്ള ശ്രമം കഴിഞ്ഞ ദിവസം അധികൃതര്‍ തടഞ്ഞിരുന്നു. ഒരു മില്യന്‍ ഗുളികകളാണ് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചത്. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരാണ് ഇവ പിടികൂടിയത്. ലഹരി ഗുളികകള്‍ പിടികൂടാന്‍ ലബനീസ് ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായം ലഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. മുന്തിരി പെട്ടികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഗുളികകള്‍ കണ്ടെത്തിയത്.

 

സമാനരീതിയില്‍ ലഹരിമരുന്ന് കടത്താനുള്ള ശ്രമങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും പരാജയപ്പെടുത്തിയിരുന്നു. ഹെറോയിനുമായി ഒരു യാത്രക്കാരന്‍ പിടിയിലായിരുന്നു. വിമാനത്താവളത്തില്‍ വെച്ചാണ് എയര്‍ കാര്‍ഗോ കസ്റ്റംസ് പാകിസ്ഥാന്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്നും ഹെറോയിന്‍ പിടിച്ചെടുത്തത്. 70 ഗ്രാം ഹെറോയിനാണ് കണ്ടെത്തിയത്. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. പിടിയിലായ പ്രതിയെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe