എസ്എസ്എൽസി പരീക്ഷ മാർച്ച് 9 മുതൽ; ഹയർ സെക്കൻഡറി മാർച്ച് 10ന്

news image
Mar 4, 2023, 7:45 am GMT+0000 payyolionline.in

തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷ മാർച്ച് 9 മുതൽ 29 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളും പരീക്ഷ എഴുതും. ആൺകുട്ടികളുടെ എണ്ണം 2,13,801. പെൺകുട്ടികളുടെ എണ്ണം 2,00,561. മേയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. 2960 പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. മൂല്യനിർണയം 70 ക്യാംപുകളിൽ ഏപ്രിൽ 3 മുതൽ 24വരെ നടക്കും. 18,000ൽ അധികം അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തും.

 

ഹയർ സെക്കൻഡറിയിൽ 2023 പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. 4,25,361 വിദ്യാർഥികൾ ഒന്നാം വർഷ പരീക്ഷയും 4,42,067 വിദ്യാർഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതും. പരീക്ഷ മാർച്ച് 10ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. ഒന്നിടവിട്ടാണ് പരീക്ഷ. 9.30ന് പരീക്ഷ ആരംഭിക്കും. ഹയർ സെക്കൻഡറി തലത്തിൽ ഏപ്രിൽ 3 മുതൽ മേയ് ആദ്യ വാരം വരെ മൂല്യനിർണയ ക്യാംപുകൾ ഉണ്ടായിരിക്കും. 80 മൂല്യനിർണയ ക്യാംപുകൾ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. 25,000 അധ്യാപകരുടെ സേവനം മൂല്യനിർണയ ക്യാംപുകളിൽ വേണ്ടി വരുമെന്നാണ് കരുതുന്നത്. വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയും മാർച്ച് 10ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. രാവിലെ 9.30നാണ് പരീക്ഷ ആരംഭിക്കുന്നത്. ഏപ്രിൽ 3 മുതൽ മൂല്യനിർണയം ആരംഭിക്കും. 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിലെ പരീക്ഷ മാർച്ച് 13ന് ആരംഭിച്ച് 30ന് അവസാനിക്കും.

ഹയർ സെക്കൻഡറി പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന വിവിധതരം സമ്മർദങ്ങൾ ലഘൂകരിക്കുന്നതിനായി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയർസെക്കൻഡറി വിഭാഗം ‘വി ഹെൽപ്പ്’ എന്ന പേരിൽ ടോൾ ഫ്രീ ടെലിഫോൺ സഹായകേന്ദ്രം ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണിവരെ ഫോണിൽ കൗൺസിലിങ് സഹായം ലഭ്യമാകും. കുട്ടികൾക്കും രക്ഷിതാക്കൾക്കും സൗജന്യമായി 180 042 528 44 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. ടോൾ ഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതു വരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാകും.

2023-24 അധ്യായന വർഷത്തെ പാഠപുസ്തക അച്ചടിയുമായി ബന്ധപ്പെട്ട ഒന്നാം വാല്യം ആകെ 2.81 കോടി പാഠപുസ്തകങ്ങളുടെ അച്ചടി ഉത്തരവ് നൽകി. അച്ചടി നിലവിൽ പുരോഗമിക്കുകയാണ്. 9, 10 ക്ലാസുകളിലെ 40 ലക്ഷം പാഠപുസ്തകങ്ങൾ വിതരണത്തിനായി ജില്ലാ ഹബുകളിൽ എത്തിച്ചിട്ടുണ്ട്. കുടുംബശ്രീ വഴിയാണ് പാഠപുസ്തകങ്ങൾ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള എല്ലാ കുട്ടികൾക്കും മധ്യവേനൽ അവധിക്കാലത്തേക്ക് 5 കിലോഗ്രാം അരി വീതം നൽകാനും തീരുമാനിച്ചിട്ടുണ്ട്. മാർച്ച് 20 മുതൽ മുതൽ അരി വിതരണം ആരംഭിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe