പയ്യോളി: മലബാർ മേഖലയിൽ എസ്എസ്എൽസി പരീക്ഷയിൽ വിജയം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വണ്ണിന് പ്രവേശനം ഉറപ്പുവരുത്താൻ സർക്കാർ തയ്യാറാവണം. മന്ത്രിയുടെ അധ്യക്ഷത നടന്ന യോഗ തീരുമാനങ്ങൾ വിശ്വസിച്ചാണ് പ്രത്യക്ഷ സമരപരിപാടികളിൽ നിന്നും രാഷ്ട്രീയ യുവജനതാദൾ താൽക്കാലികമായി പിന്നോട്ട് പോയത്. ഒരു കുട്ടിക്ക് പോലും സീറ്റ് കിട്ടാതെ പഠനം മുടങ്ങുന്ന അവസ്ഥ ഉണ്ടായാൽ സർക്കാരിനെതിരെ ശക്തമായ സമരവുമായി രാഷ്ട്രീയ യുവജനതാദൾ മുന്നോട്ട് പോകും. മലബാറിലെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ വിദ്യാഭ്യാസ വകുപ്പിന് കഴിയണം. സമാധാനപരമായ സാഹചര്യത്തിലുള്ള വിദ്യാഭ്യാസവും, വിദ്യാർത്ഥികളുടെ സർഗാത്മകമായ കാഴ്ചപ്പാടുകളും ഉയർന്നു നിൽക്കേണ്ട കലാലയങ്ങളിൽ അക്രമത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്ന എസ്എഫ്ഐ യുടെ രീതികളിൽ ആഴത്തിലുള്ള മാറ്റങ്ങൾ സംഭവിക്കേണ്ടത് അനിവാര്യതയാണ്.
രാഷ്ട്രീയ മൂല്യങ്ങൾ നഷ്ടപ്പെടുത്തി അക്രമത്തിന്റെ പാത ഏത് സംഘടന സ്വീകരിച്ചാലും അധികകാലം നിലനിൽക്കില്ല എന്ന യാഥാർത്ഥ്യം തിരിച്ചറിയാൻ നേതൃത്വത്തിന് കഴിയണം. സോഷ്ലിസ്റ്റ്, ഇടത് ആശയങ്ങൾ നിലനിൽക്കേണ്ടത് ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണ് എന്നത് നേതാക്കൾ തിരിച്ചറിയണം. കലാലയങ്ങളിൽ എല്ലാ വിദ്യാർത്ഥി സംഘടനകൾക്കും പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തണം. പയ്യോളി മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമം രാഷ്ട്രീയ യുവജനതാദൾ സംസ്ഥാന പ്രസിഡൻ്റ് സിബിൻ തേവലക്കര ഉദ്ഘാടനം നിർവഹിച്ചു.
ആർ ജെ ഡി മുൻസിപ്പൽ ചെയർമാൻ പി ടി രാഘവൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ കുയ്യണ്ടി രാമചന്ദ്രൻ, പുനത്തിൽ ഗോപാലൻ മാസ്റ്റർ, കെ പി ഗിരീഷ്കുമാർ, ചെറിയാവി സുരേഷ്ബാബു, കെ വി ചന്ദ്രൻ, പ്രജീഷ്കുമാർ പറമ്പിൽ, സിന്ധു ശ്രീശൻ, അഭിജിത്ത് എം ടി. എന്നിവർ സംസാരിച്ചു. പി പി. മോഹൻദാസ് നന്ദി പറഞ്ഞു.