‘എബിസി കേന്ദ്രങ്ങൾക്കെതിരെ എതിർപ്പ് തിരിച്ചടി’; തെരുവുനായ ശല്യത്തിൽ തദ്ദേശ സ്ഥാപനങ്ങളെ പഴിച്ച് മന്ത്രി

news image
Jun 12, 2023, 1:22 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ശല്യം പരിഹരിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ ഉദാസീനത കാണിച്ചെന്ന് തദ്ദേശവകുപ്പ് മന്ത്രി എംബി രാജേഷ്. തെരുവുനായ ശല്യം നിയന്ത്രിക്കാൻ വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോ​ഗസ്ഥരുടെ യോ​ഗം ചേർന്ന് ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കും. മനുഷ്യജീവന് അപകടകാരികളായ തെരുവുനായ്ക്കളെ ഉപാധികളോടെ കൊല്ലാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രസ്താവനയുടെ പൂർണ്ണരൂപം

കണ്ണൂർ മുഴപ്പിലങ്ങാട്  തെരുവുനായയുടെ ആക്രമണത്തിൽ 11  വയസുകാരനായ നിഹാൽ നൗഷാദ്  മരണമടഞ്ഞ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും വേദനാജനകവുമാണ്. തെരുവുനായശല്യം നിയന്ത്രിക്കാൻ സംസ്ഥാന  സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പരമാവധി പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിലാണ് ഈ ദാരുണ സംഭവമുണ്ടായത് എന്നത് ആശങ്കയുളവാക്കുന്നു.  ഇത്തരം  സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും ജാഗ്രതയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ആവശ്യമായ  നടപടികൾ ഇക്കാര്യത്തിൽ സ്വീകരിക്കും.

തെരുവുനായ ശല്യം നിയന്ത്രിക്കാൻ വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കും. മനുഷ്യജീവന് അപകടകാരികളായ തെരുവുനായ്ക്കളെ ഉപാധികളോടെ കൊല്ലാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ വീണ്ടും സുപ്രീം  കോടതിയെ സമീപിക്കും. തെരുവുനായ്ക്കളുടെ ആക്രമണം രാജ്യത്താകെ  ഒരു വലിയ പ്രശ്നമായി മാറിയിട്ടുണ്ട്. കേരളത്തിൽ മാത്രമല്ല, രാജ്യത്താകെ ഈ പ്രശ്നം  നിലനിൽക്കുകയാണ്. ബിഹാറിലെ ബെഗുസരായ് ജില്ലയിൽ ഒൻപത് സ്ത്രീകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. ഉത്തർപ്രദേശിലെ സീതാപ്പൂരിൽ എട്ടു മാസത്തിനിടെ 13  കുട്ടികളെ നായ്ക്കൾ കടിച്ചുകൊന്നു.

സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ നടപടികളും ഇക്കാര്യത്തിൽ സ്വീകരിക്കുന്നുണ്ട്. എന്നാൽ തെരുവുനായ് ശല്യം പൂർണമായും ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കുകയെന്നത് കേന്ദ്ര  നിയമത്തിലെ ചില   വ്യവസ്ഥകൾ  മൂലം ഇപ്പോൾ ഏറെ ബുദ്ധിമുട്ടാണ്.    തെരുവുനായ്ക്കളുടെ എണ്ണം പെരുകുന്നത് തടയാനുള്ള നിയമനടപടികൾ കൂടുതൽ എളുപ്പമാകേണ്ടതുണ്ട്. പ്രായോഗികത കണക്കിലെടുത്ത്  അനിമൽ ബർത്ത് കൺട്രോൾ(എബിസി) റൂൾസ് 2001 ഭേദഗതി ചെയ്താൽ മാത്രമേ  ഫലപ്രദമായ നിയന്ത്രണ  നടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളൂ.

ഉപദ്രവകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ  അനുമതിയുണ്ടെങ്കിലും അക്രമകാരികളായ തെരുവുനായ്ക്കളെ ഒഴിവാക്കാൻ കേന്ദ്രനിയമം അനുവദിക്കുന്നില്ല. അക്രമകാരികളും പേവിഷബാധയുള്ളതുമായ തെരുവുനായ്ക്കളെ കൊല്ലാൻ വ്യവസ്ഥകളോടെ അനുമതി നൽകണമെന്നാണ് കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. ആവശ്യം നിരാകരിക്കപ്പെട്ടുവെന്ന് മാത്രമല്ല, ഇതിന്റെ പേരിൽ കേരളത്തിനെതിരെ വലിയ കാമ്പയിൻ ദേശീയതലത്തിൽ തന്നെ ചിലർ ഉയർത്തിക്കൊണ്ടുവന്നു.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് തെരുവുനായ്ക്കളെ  വന്ധ്യംകരിക്കാനും വാക്സിനേറ്റ് ചെയ്യാനുമുള്ള  പ്രവർത്തനം വളരെ ഊർജിതമായി കേരളത്തിൽ നടക്കുകയാണ്. 2022  സെപ്തംബർ ഒന്ന് മുതൽ 2023  ജൂൺ 11 വരെ 470534  നായ്ക്കളെ വാക്സിനേറ്റ് ചെയ്തു. ഇതിൽ 438473  വളർത്തുനായ്ക്കളും 32061 തെരുവുനായ്ക്കളുമാണ്. 2016  മുതൽ 2022  ആഗസ്റ്റ് 31  വരെ ആകെ 79859  തെരുവുനായ്ക്കളെയാണ്  വന്ധ്യംകരിച്ചത്.

2022 സെപ്തംബർ  ഒന്ന് മുതൽ 2023  മാർച്ച് 31  വരെ 9767   നായ്ക്കളെ  വന്ധ്യകരിച്ചു. നിലവിൽ 19 എബിസി കേന്ദ്രങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. 24  എണ്ണം കൂടി ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു.  2022  സെപ്റ്റംബറിൽ   തെരുവുനായ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ നിയന്ത്രണത്തിനായുള്ള പ്രത്യേക പ്രോജക്ടുകൾ തയാറാക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് തദ്ദേശ  സ്വയംഭരണ വകുപ്പ് നിർദേശിച്ചിരുന്നു. ഇതുപ്രകാരം  432  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 10.36  കോടി രൂപ പ്രത്യേക പ്രോജക്ടുകൾക്കായി വകയിരുത്തി.

2022  സെപ്തംബർ  20  മുതൽ ഒക്ടോബർ  20  വരെ ഒരു മാസം തെരുവുനായ്ക്കൾക്കായി തീവ്ര വാക്സിൻ യജ്ഞം നടത്തിയിരുന്നു. അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി അഭയകേന്ദ്രങ്ങളിൽ പാർപ്പിക്കാനുള്ള നടപടികളും സ്വീകരിച്ചു.  തെരുവുനായ്ക്കൾക്കുള്ള അഭയകേന്ദ്രങ്ങൾ, എബിസി കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കുന്ന കാര്യത്തിൽ പ്രാദേശികമായ വലിയ എതിർപ്പാണ് പല സ്ഥലങ്ങളിലും ഉണ്ടായത്. തലശ്ശേരിയിൽ എബിസി കേന്ദ്രം അടച്ചുപൂട്ടേണ്ടിവന്നതും ഓർക്കേണ്ടതാണ്. കഴിഞ്ഞ സെപ്റ്റംബറിൽ തുടങ്ങിയ തീവ്രയത്നത്തിന്റെ ഫലമായി തെരുവുനായ ശല്യം ഗണ്യമായി  കുറഞ്ഞപ്പോൾ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈ പ്രവർത്തനങ്ങളിൽ ഉദാസീനത കാട്ടിയിട്ടുണ്ടെന്നതും വസ്തുതയാണ്.

എബിസി കേന്ദ്രങ്ങളുടെ പ്രവർത്തനം സംബന്ധിച്ച്  കേന്ദ്ര ചട്ടങ്ങൾ 2023  മാർച്ച്  10 ന്  പുതുക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുപ്രകാരം ചട്ടത്തിൽ നിർദേശിക്കുന്ന ബോർഡിന്റെ അംഗീകാരത്തോടു കൂടി മാത്രമേ എ ബി സി കേന്ദ്രങ്ങൾ തുടങ്ങാൻ പാടുള്ളൂ. നിലവിലുള്ള കേന്ദ്രവ്യവസ്ഥകൾ പ്രകാരം തെരുവുനായ ശല്യം നിയന്ത്രിക്കുക ദുഷ്കരമാണ്. വ്യാജ പരാതികളുടെ പേരിലും ഉദ്യോഗസ്ഥരെ വിളിച്ച്  ശാസിക്കുന്ന അനുഭവങ്ങളുണ്ടായി. കേന്ദ്ര വ്യവസ്ഥകളനുസരിച്ച് എബിസി കേന്ദ്രങ്ങൾ സ്ഥാപിക്കാനോ പ്രവർത്തിക്കാനോ വളരെയധികം ബുദ്ധിമുട്ടുണ്ട്.  എസി യുള്ള ഓപ്പറേഷൻ തിയേറ്ററിലായിരിക്കണം വന്ധ്യംകരണം, നാല്  ദിവസം ശുശ്രൂഷിക്കണം,  മുറിവുണങ്ങിയ ശേഷം മാത്രമേ നായ്ക്കളെ വിടാൻ പാടുള്ളൂ എന്നീ വ്യവസ്ഥകളുണ്ട് കേന്ദ്ര നിയമത്തിൽ.

വളരെ കർശനമായ കേന്ദ്ര നിയമങ്ങൾ ഇളവുചെയ്താൽ മാത്രമേ ഈ പ്രവർത്തനങ്ങൾ ഫലപ്രദമാവുകയുള്ളൂ. നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് തെരുവുനായ ശല്യം നിയന്ത്രിക്കാനുള്ള ഫലപ്രദമായ പ്രവർത്തനങ്ങൾ പരമാവധി നടത്തുകയാണ് സർക്കാരിന്റെ നയം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സർക്കാരും മാത്രമല്ല ജനങ്ങളാകെ സഹകരിച്ചാൽ മാത്രമേ ഈ വിപത്തിൽ നിന്ന് നാടിനെ മോചിപ്പിക്കാൻ കഴിയുകയുള്ളൂ. മാലിന്യസംസ്കരണ പ്രവർത്തനവും ഫലപ്രദമായി നടത്തേണ്ടതുണ്ട്. മാലിന്യമുള്ള ഇടങ്ങളിലാണ് തെരുവുനായ്ക്കൾ കേന്ദ്രീകരിക്കുന്നത്. കൂട്ടായ പ്രവർത്തനത്തിലൂടെ തെരുവുനായ ശല്യം നിയന്ത്രിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe