തിക്കോടി: തിക്കോടി അടിപ്പാതയ്ക്കായി ആരംഭിച്ച നിരാഹാര സമരം എംഎൽഎ കാനത്തിൽ ജമീലയുടെ ഇടപെടൽ പ്രകാരം താൽക്കാലികമായി നീട്ടിവെച്ചു. എം എൽ എ തിക്കോടി ഗ്രാമപഞ്ചായത്ത് ഹാളിൽ വിളിച്ചുചേർത്ത യോഗത്തിൽ സർവകക്ഷി രാഷ്ട്രീയ പ്രതിനിധികൾ, അടിപ്പാത എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. അടിപ്പാത അനുവദിക്കുന്നതിന്റെ സാധ്യതകൾ അധികൃതർ പരിശോധിച്ചുവരുന്ന ഈ ഘട്ടത്തിൽ 25 ആം തീയതി മുതൽ നടത്താൻ നിശ്ചയിച്ച മരണം വരെയുള്ള നിരാഹാര സമരം അല്പം നീട്ടിവെക്കണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു.
എം എൽ എയുടെ അഭ്യർത്ഥന മാനിക്കുന്നുവെന്നും ഡിസംബർ 31 വരെ ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകാത്തപക്ഷം അനിശ്ചിതകാല നിരാഹാര സമരവുമായി മുന്നോട്ടു പോകും എന്നതാണ് കർമ്മസമിതിയുടെ തീരുമാനമെന്നും ചെയർമാൻ വി കെ അബ്ദുൾ മജീദ് യോഗത്തിൽ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷത വഹിച്ചു. ബിജു കളത്തിൽ, ജയചന്ദ്രൻ തെക്കേക്കുറ്റി, ഒ കെ ഫൈസൽ, എൻ പി മുഹമ്മദ് ഹാജി, രവി വലിയ വളപ്പിൽ, വി കെ അബ്ദുൾ മജീദ്, കെ വി സുരേഷ് കുമാർ, സന്തോഷ് തിക്കോടി,
കെ പി ഷക്കീല,
റംല പിവി,എം കെ ശ്രീനിവാസൻ, ഭാസ്കരൻ തിക്കോടി,ബിനു കാരോളി, അശോകൻ ശില്പ, നദീർ തിക്കോടി, കെ മുഹമ്മദാലി എന്നിവർ സംസാരിച്ചു. പ്രനില സത്യൻ സ്വാഗതവും ആർ വിശ്വൻ നന്ദിയും പറഞ്ഞു.