കോട്ടയം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 40-ാം ചരമദിനം നാളെ ആചരിക്കും. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ രാവിലെ 6.30നു പ്രാർഥന, തുടർന്നു കുർബാന. ഡോ. യാക്കോബ് മാർ ഐറേനിയസ് മുഖ്യകാർമികത്വം വഹിക്കും. കല്ലറയിൽ ധൂപ പ്രാർഥനയ്ക്ക് ഡോ. യൂഹാനോൻ മാർ ദിയസ്കോറസും പങ്കുചേരും.
പതിനായിരത്തോളം പേർക്കു പ്രഭാതഭക്ഷണവും ദേവാലയത്തിൽ ഒരുക്കിയിട്ടുണ്ടെന്നു വികാരി ഫാ.വർഗീസ് വർഗീസ്, ട്രസ്റ്റിമാരായ ജേക്കബ് ജോർജ്, സജി ചാക്കോ എന്നിവർ അറിയിച്ചു. തുടർന്നു വീട്ടിലും ധൂപപ്രാർഥനയുണ്ടാകും.
കോൺഗ്രസിന്റെ നേതൃത്വത്തിൽ 8 പഞ്ചായത്തുകളിലും രാവിലെ സ്മൃതിയാത്രകൾ, ഛായാചിത്രത്തിൽ പുഷ്പാർച്ചന, സർവമത പ്രാർഥന എന്നിവ നടത്തും. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ഉണ്ടാകില്ലെന്നും യുഡിഎഫ് കൺവീനർ ഫിൽസൺ മാത്യൂസ് അറിയിച്ചു.
യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വൈകിട്ട് 5നു പുതുപ്പള്ളി പള്ളിയുടെ അങ്കണത്തിൽ നിന്ന് പുതുപ്പള്ളി കവലയിലേക്കു പദയാത്രയും തുടർന്നു യുവജനസംഗമവും നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി അറിയിച്ചു. മറ്റന്നാൾ തിരുവനന്തപുരത്തെ സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ രാവിലെ കുർബാനയും പുതുപ്പള്ളി ഹൗസിൽ ധൂപപ്രാർഥനയും ഉണ്ടാകും.