‘ഇ.പി ജയരാജന്‍ സംഘ്പരിവാറിന്റെ ബി ടീം ക്യാപ്റ്റൻ, അദ്ദേഹം എല്‍.ഡി.എഫ് കണ്‍വീനറോ അതോ എന്‍.ഡി.എ കണ്‍വീനറോ?: വി.ഡി സതീശൻ

news image
Mar 14, 2024, 1:11 pm GMT+0000 payyolionline.in

പറവൂർ (കൊച്ചി): ബി.ജെ.പിയുടെ തിരുവനന്തപുരം, ആറ്റിങ്ങല്‍, തൃശൂര്‍, കോഴിക്കോട് സ്ഥാനാർഥികള്‍ മികച്ചവരാണെന്നാണ് അഭിപ്രായപ്പെട്ട എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇ.പി ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനറാണോ എന്‍.ഡി.എ കണ്‍വീനറാണോയെന്ന് സംശയമുണ്ടെന്ന് അദ്ദേഹം പറവൂരില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ സംഘ്പരിവാര്‍ ശക്തികളുടെ ബി ടീം ക്യാപ്റ്റനാണ് ജയരാജന്‍. അതേ ടീമിന്റെ നോണ്‍ പ്ലേയിങ് ക്യാപ്റ്റനും കോച്ചുമാണ് പിണറായി വിജയന്‍.

 

ബി.ജെ.പിയുടെ തിരുവനന്തപുരം, ആറ്റിങ്ങല്‍, തൃശൂര്‍, കോഴിക്കോട് സ്ഥാനാര്‍ത്ഥികള്‍ മികച്ചവരാണെന്നാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറയുന്നത്. തിരുവനന്തപുരത്തെ സ്ഥാനാർഥിയോട് ജയരാജന് പ്രത്യേക മമതയുണ്ട്. കേരളത്തിലെ സി.പി.എമ്മിന് ബി.ജെ.പിയുമായി അന്തര്‍ധാര മാത്രമല്ല, ബി.ജെ.പി നേതാക്കളുമായി സി.പി.എം നേതാക്കള്‍ ബിസിനസ് പാര്‍ട്ണര്‍ഷിപ്പും തുടങ്ങിയിരിക്കുകയാണ്. ഇ.പി ജയരാജനും കുടുംബത്തിനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് പാര്‍ട്ണര്‍ഷിപ്പുണ്ട്. അന്തര്‍ധാരക്കും ധാരണക്കും പിന്നാലെയാണ് ഇപ്പോള്‍ സി.പി.എം- ബി.ജെ.പി നേതാക്കള്‍ തമ്മിലുള്ള ബിസിനസ് ബന്ധം.

കേരളത്തിലെ സി.പി.എമ്മുമായി ധാരണ ഉണ്ടായിരുന്നെന്നും അത് നിഷേധിക്കാനാകില്ലെന്നും ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ എഡിറ്റര്‍ ബാലശങ്കര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആ ബന്ധം ഇപ്പോഴും തുടരുകയാണ്. സ്വന്തം പാര്‍ട്ണറെ ജയരാജന്‍ തള്ളിപ്പറയില്ല. ബി.ജെ.പിക്ക് ഇല്ലാത്ത സ്‌പേസ് സി.പി.എം ഉണ്ടാക്കിക്കൊടുക്കുകയാണ്. എന്ത് ധാരണയുണ്ടെങ്കിലും കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബി.ജെ.പിയെ കോണ്‍ഗ്രസും യു.ഡി.എഫും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe