ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബുൽ ഹുസൈൻ ഖുറേഷിയെ വധിച്ചതായി തുര്‍ക്കി സേന

news image
May 2, 2023, 3:33 am GMT+0000 payyolionline.in

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തലവൻ, അബുൽ ഹുസൈൻ ഖുറേഷിയെ വധിച്ചതായി തുര്‍ക്കി സേന. തുർക്കി രഹസ്യാന്വേഷണ ഏജൻസിയും പ്രാദേശിക പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഖുറൈഷിയെ വധിച്ചതെന്നാണ് തുർക്കി പ്രസിഡന്റ് ത്വയിബ് എർ‍ദോഗൻ വ്യക്തമാക്കുന്നത്. വടക്ക് പടിഞ്ഞാറൻ സിറിയയിലെ ജിൻഡ്രിസിലെ ഒളിത്താവളത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. അതേസമയം സിറിയയോ, ഐഎസോ തുർക്കിയുടെ ഈ അവകാശവാദത്തോട് പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ഒക്ടോബറിലാണ് അബുൽ ഹുസൈൻ ഖുറേഷി ഐഎസ് തലവനായി തെരഞ്ഞെടുക്കപ്പെട്ടത്. ശനിയാഴ്ചയാണ് സംയുക്ത ഓപ്പറേഷന്‍ നടന്നത്. ഏറെ നാളുകളായി ഇന്‍റലിജന്‍സ് ഏജന്‍സി ഖുറേഷിക്ക് പിന്നാലെ തന്നെയായിരുന്നുവെന്നാണ് എര്‍ദ്ദോഗന്‍ വിശദമാക്കുന്നത്. ഏതെങ്കിലും രീതിയിലെ വിവേചനം അടിസ്ഥാനമായുള്ള ഭീകര സംഘടനകള്‍ക്കെതിരായ പോരാട്ടം തുടരുമെന്നും തുര്‍ക്കി പ്രസിഡന്‍റ് പ്രതികരിച്ചു.

അബു ഇബ്രാഹിം അൽ ഖുറൈഷി കൊല്ലപ്പെട്ടതിന് ആഴ്ചകൾക്ക് ശേഷമാണ് ഈ സ്ഥാനത്തേക്ക് കൊല്ലപ്പെട്ട മുൻ ഖലീഫ അബൂബക്കർ അൽ ബാഗ്ദാദിയുടെ സഹോദരനെ നിയമിച്ചത്. താലിബാന്‍ അഫ്ഗാനിസ്ഥാന്‍റെ ഭരണം ഏറ്റെടുത്തതിന് പിന്നാലെ ഇസ്ലാമിക നിയമങ്ങളില്‍ നിന്നും താലിബാന്‍ വ്യതിചലിക്കുന്നുവെന്ന് ആരോപിച്ച് ഐഎസ്ഐഎസ്, താലിബാനുമായി അകന്നിരുന്നു. ഇത് കാബൂളിലും അഫ്ഗാനിസ്ഥാന്‍റെ അതിര്‍ത്തി മേഖലകളിലും ഇരുസംഘങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കും നിരവധി പേരുടെ മരണത്തിന് കാരണമായിരുന്നു. ഇതിനിടയിലാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ ഓപ്പറേഷനില്‍ ഐഎസ് നേതാവും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് എത്തുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe