ദില്ലി : ലോകത്തില്‍ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് നെറ്റ്ഫ്‌ളിക്‌സ്. വലിയ തോതില്‍ വരിക്കാരുള്ള നെറ്റ്ഫ്‌ളിക്‌സ് പുതിയ നിയന്ത്രണം നടപ്പാക്കാനൊരുങ്ങുകയാണ്. മുന്‍പ് നിരവധി രാജ്യങ്ങളില്‍ പാസ്‌വേര്‍ഡ് ഷെയറിങ്ങിന് ഏര്‍പ്പെട്ടുത്തിയ നിയന്ത്രണമാണ് ഇന്ത്യയിലും നടപ്പാക്കാനൊരുങ്ങുന്നത്.
എന്നാല്‍ നെറ്റ്ഫ്ളിക്സ് വരിക്കാരായ വ്യക്തിക്ക് പുറമെ അയാളുടെ വീട്ടിലുള്ളവര്‍ക്ക് പാസ്‌വേര്‍ഡ് പങ്കുവെക്കാന്‍ കഴിയുന്നവിധത്തിലായിരിക്കും പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തുക. ഒരേ സമയം ഒരു അക്കൗണ്ട് ഉപയോഗിച്ച് വീഡിയോ കാണുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയെങ്കിലും പാസ്‌വേര്‍ഡ് ഷെയറിങ്ങിന് പൂര്‍ണമായി നിയന്ത്രണം കൊണ്ടുവന്നിട്ടില്ലായിരുന്നു.
നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ട് ഉപയോക്താതക്കള്‍ വ്യാപകമായി പങ്കുവെക്കുന്നത് ടിവി, സിനിമ എന്നിവയ്ക്കായുള്ള തങ്ങളുടെ നിക്ഷേപങ്ങളെ വലിയ രീതിയില്‍ ബാധിക്കുന്നതായാണ് അധികൃതര്‍ പറയുന്നത്. നെറ്റ്ഫ്ളിക്സ് പാസ്‌വേര്‍ഡ് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്ന ഉപയോക്താക്കള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് അറിയിപ്പ് നല്‍കുന്ന മെയില്‍ അയയ്ക്കാനാണ് തീരുമാനം.
പാസ്‌വേര്‍ഡ് ഷെയറിങ് പൂര്‍ണമായി നിയന്ത്രിക്കുന്നതിന് പകരം പാസ്‌വേര്‍ഡ് ഷെയറിങ് ഒരു വീട്ടിലുള്ളവര്‍ക്ക് മാത്രമായി പങ്കുവെക്കാനാണ് പുതിയ പരിഷ്‌കാരം കൊണ്ടുവന്നിരിക്കുന്നത്. അക്കൗണ്ട് ലോഗിന്‍ ചെയ്ത ഉപകരണത്തിന്റെ പ്രൈമറി ലൊക്കേഷനാണ് ഇതിനായി പരിഗണിക്കുക.