കോഴിക്കോട്: ഒറ്റ ആപ്പിൽ റെയിൽവേയുടെ മുഴുവൻ സേവനങ്ങളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ അവതരിപ്പിച്ച റെയിൽവൺ ആപ്പ് ഇടയ്ക്കിടെ പ്രവർത്തനം നിലയ്ക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. അറ്റകുറ്റപ്പണിയുടെ പേരിൽ രാത്രിയിലടക്കം സേവനങ്ങൾ നിർത്തിവയ്ക്കുന്നത് പതിവാകുന്നതോടെ അടിയന്തര യാത്രകൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടവർ വലിയ പ്രയാസത്തിലാണ് നേരിടുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30 മുതൽ പുലർച്ചെ 2.30 വരെ റിസർവ്ഡ് ടിക്കറ്റ് ബുക്കിംഗും മറ്റ് സേവനങ്ങളും തടസ്സപ്പെട്ടിരുന്നു. റെയിൽവേ സേവനങ്ങൾ ലളിതവും വേഗത്തിലുമാക്കുകയെന്ന ലക്ഷ്യത്തോടെ 2025 ജൂലൈ ഒന്നിനാണ് റെയിൽവൺ അവതരിപ്പിച്ചത്.
ഐ.ആർ.സി.ടി.സി റെയിൽ കണക്ട്, മൊബൈൽ യു.ടി.എസ്, എൻ.ടി.ഇ.എസ് തുടങ്ങിയ ആപ്പുകളെ ഏകോപിപ്പിച്ച് റിസർവ്ഡ്-അൺറിസർവ്ഡ് ടിക്കറ്റ് ബുക്കിംഗ്, ട്രെയിൻ തത്സമയ വിവരങ്ങൾ, പി.എൻ.ആർ പരിശോധന, ഭക്ഷണം ഓർഡർ ചെയ്യൽ, പരാതി രജിസ്ട്രേഷൻ തുടങ്ങി നിരവധി സേവനങ്ങളാണ് ഇതിൽ ലഭ്യമാക്കിയിരുന്നത്. ആർ-വാലറ്റ് വഴി അൺറിസർവ്ഡ് ടിക്കറ്റ് എടുക്കുന്നവർക്ക് മൂന്ന് ശതമാനം ഇളവും നൽകിയിരുന്നു. 2026 മാർച്ച് വരെ 2.57 കോടി ഡൗൺലോഡുകളും പ്രതിദിനം ശരാശരി 7.64 ലക്ഷം ടിക്കറ്റ് ബുക്കിംഗും നടക്കുന്ന മികച്ച സ്വീകാര്യതയുള്ള ആപ്പാണിത്.
എന്നാൽ, ഇത്രയേറെ ഉപയോക്താക്കളുള്ള സംവിധാനം ഇടയ്ക്കിടെ അറ്റകുറ്റപ്പണിയുടെ പേരിൽ നിശ്ചലമാകുന്നത് രാത്രി യാത്രക്കാർക്കും അടിയന്തര ആവശ്യക്കാർക്കും വലിയ തിരിച്ചടിയാകുന്നു. മറ്റ് റെയിൽവേ സേവനങ്ങളും ഒരേസമയം തടസ്സപ്പെടുന്നതിനാൽ യാത്രാ വിവരങ്ങൾ പോലും അറിയാൻ സാധിക്കാത്ത അവസ്ഥയാണ്. സംവിധാനം ആവർത്തിച്ച് സാങ്കേതിക തടസ്സങ്ങൾ നേരിടുന്നതിൽ യാത്രക്കാർ കടുത്ത അതൃപ്തിയിലാണ്. അറ്റകുറ്റപ്പണികൾ ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ ക്രമീകരിക്കണമെന്നാണ് യാത്രികരുടെ പ്രധാന ആവശ്യം.
