നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ കല്ലറ വിവാദം: മരണകാരണം ഹൃദയാഘാതം തന്നെ; കേസ് അവസാനിപ്പിച്ച് പൊലീസ്

news image
Sep 1, 2026, 6:09 am GMT+0000 payyolionline.in

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പിതാവിനായി മക്കൾ കല്ലറ നിർമിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന തീരുമാനത്തിൽ പൊലീസ്. നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ഉറപ്പിച്ചതിനെ തുടർന്ന് പൊലീസ് കേസ് അവസാനിപ്പിച്ചു. ഗോപന്റേത് കൊലപാതകമാണെന്നും സമാധിയായതെന്ന് പറഞ്ഞതിലും കല്ലറ നിർമിച്ചതിലും ഉൾപ്പെടെ ദുരൂഹതയുണ്ടെന്നും ആദ്യഘട്ടത്തിൽ സംശയം ഉയർന്നിരുന്നു. കല്ലറ വിവാദം കേരളമാകെ സമാധിയെക്കുറിച്ച് ഉൾപ്പെടെ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.

ഒന്നര വർഷങ്ങൾക്ക് മുമ്പാണ് നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമി മരണപ്പെടുന്നത്. സമാധി ചർച്ചയായതോടെ ഹൈക്കോടതി വരെ വിഷയത്തിൽ ഇടപെടുന്ന സാഹചര്യമുണ്ടായി. മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്‌മോർട്ടം വരെ നടത്തി. ഇന്ന് ഗോപൻ സ്വാമിയുടെ സമാധിസ്ഥലം ഒരു ക്ഷേത്രമാണ്. പൂജകളും നടക്കുന്നുണ്ട്. ഭാവിയിൽ വലിയ ക്ഷേത്രം നിർമ്മിച്ച് തീർത്ഥാടന കേന്ദ്രം ആക്കി മാറ്റാനാണ് കുടുംബത്തിന്റെ തീരുമാനം.

ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലങ്ങളിൽ ഉൾപ്പെടെ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും പൊലീസിന്റെ അന്വേഷണത്തിലും ഹൃദയാഘാതം മൂലമുള്ള മരണമെന്ന് തെളിഞ്ഞു. ഇതോടെ പൊലീസ് കേസ് ക്ലോസ് ചെയ്യുകയാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe