പയ്യോളി : കുഷ്ഠരോഗ നിർമാർജന പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ സംഘടിപ്പിക്കുന്ന അശ്വമേധം 6.0 കുഷ്ഠരോഗ നിർണയ ഭവന സന്ദർശന പരിപാടിക്ക് ജില്ലയിൽ തുടക്കമായി. ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ പയ്യോളി മുനിസിപ്പാലിറ്റി ചെയർമാൻ വി.കെ അബ്ദുൾ റഹിമാൻ അശ്വമേധം 6.0 ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
സമൂഹത്തിൽ ഇനിയും കണ്ടുപിടിക്കാതെ കിടക്കുന്ന കുഷ്ഠരോഗികൾ ഉണ്ടെന്നും യഥാസമയം കണ്ടുപിടിച്ചാൽ പൂർണമായും ചികിത്സയുള്ള രോഗമാണ് ഇതെന്നും ചെയർമാൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പയ്യോളി മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി എം ഹരിദാസൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്യാമ്പയിൻ വിജയിപ്പിക്കുന്നിതിൽ ആശാ പ്രവർത്തകർക്ക് പ്രധാന പങ്കുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ രാജേന്ദ്രൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. യഥാസമയം കണ്ടുപിടിച്ച് ചികിത്സിക്കുന്നതിനാലാണ് കുഷ്ഠരോഗം ഒരു പൊതുജനാരോഗ്യ പ്രശ്നമായി മാറാത്തതെന്നും അതിനാൽ രോഗപകർച്ച തടയുന്നതിനായി രോഗം യഥാസമയം കണ്ടുപിടിച്ച് ചികിത്സിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും ഇതിൽ എല്ലാ വ്യക്തികൾക്കും ഉത്തരവാദിത്തം ഉണ്ട് എന്നും ജില്ലാ മെഡിക്കൽ ഓഫീസർ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.
ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി സി കെ കുഷ്ഠരോഗത്തിനെതിരായ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി ആർ ലതിക ക്യാമ്പയിൻ വിശദീകരണം നടത്തി. ക്യാമ്പയിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ജില്ലയിലെ കുഷ്ഠരോഗ നിർമാർജന പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിച്ചു.
ഇരിങ്ങൽ കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സുനിത എസ് സ്വാഗതമാശംസിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ സുജല ചെത്തിൽ, ടെക്നിക്കൽ അസിസ്റ്റൻറ് പ്രഭാകരൻ എൻ, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. ഭവില, ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയംഗങ്ങൾ സി പി സദക്കത്തുള്ള, കുഞ്ഞാമു , മേലടി സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ സജിത്ത് വി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഉദ്ഘാടനത്തെ തുടർന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തോട് ചേർന്നുള്ള വീടുകളിൽ ജില്ലാതല സംഘം സന്ദർശനം നടത്തി. കുഷ്ഠരോഗലക്ഷണങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള ബോധവത്ക്കരണ സന്ദേശങ്ങൾ അടങ്ങിയ ബോധവത്കരണ കാർഡുകൾ കാണിച്ച് കൊണ്ട് പരിപാടിയെ പറ്റി വിശദീകരിക്കുകയും ചെയ്തു.അശ്വമേധം 6.0 യുടെ ക്യാമ്പിന്റെ ഭാഗമായി ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ ജില്ലയിലെ എല്ലാ വീടുകളിലും പരിശീലനം ലഭിച്ച ആശാപ്രവർത്തകരും വോളണ്ടിയർമാരും സന്ദർശിച്ച് ആർക്കെങ്കിലും രോഗ ലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതാണ്. ഇതിനായി 2035 ടീമിലായി 4070 വോളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്. ക്യാമ്പയിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേർന്നിട്ടുണ്ട്.