അരുൺ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച ഫയലുകൾ ഹാജരാക്കാൻ സുപ്രീം കോടതി നിർദ്ദേശം

news image
Nov 23, 2022, 12:18 pm GMT+0000 payyolionline.in

ദില്ലി : അരുൺ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിൻ്റെ ഫയലുകൾ ഹാജരാക്കാൻ സുപ്രീം കോടതി നിർദ്ദേശം. നാളെ തന്നെ ഫയലുകൾ ഹാജരാക്കണമെന്നാണ് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. നിയമന പ്രക്രിയ എങ്ങനെയെന്ന് മനസിലാക്കാനാണ് ഇതെന്ന് കോടതി അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രിം കോടതിയുടെ പരിഗണനയ്ക്ക് ഇരിക്കുമ്പോളായിരുന്നു നിയമനം. നിയമന നടപടികൾ സുതാര്യമെങ്കിൽ ഫയലുകൾ ഹാജരാക്കാൻ മടി എന്തിനെന്നും കോടതി ചോദിച്ചു.

സുപ്രീം കോടതി ഭരണഘടനാബഞ്ച് കഴിഞ്ഞ ഒരാഴ്ചയായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജികളിൽ വാദം കേൾക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനകാര്യങ്ങളിൽ പുതിയ സമിതി വേണം എന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് കോടതിയുടെ നി‍ര്‍ദ്ദേശം. ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കവെയാണ് നവംബര്‍ 19ന് അരുൺ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.

ഇതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാൻ അറ്റോണി ജനറലിന് നി‍ദ്ദേശം നൽകിയിരിക്കുകയാണ് കോടതി. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഹര്‍ജികൾ പരിഗണിക്കുന്നതിനിടെ ഇത്തരമൊരു നിയമനം ഉചിതമാണോ എന്നും സുപ്രീംകോടതി വാക്കാൽ ചോദിച്ചു. കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് ശക്തമായ ഇടപെടലാണ് സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കുന്നതിൽ കണക്കിലെടുക്കുന്ന മാനദണ്ഡങ്ങൾ എന്തെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe