പയ്യോളി: പയ്യോളി നഗരസഭയുടെ തീരദേശ മേഖലയിൽ സ്ഥിതി ചെയ്യുന്ന അയനിക്കാട് വെസ്റ്റ് യു.പി സ്കൂൾ ഹൈസ്കൂൾ ആക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് നാളെ ജനകീയ കൺവെൻഷൻ. ഹൈവേ വികസനവും റെയിൽവേ വികസനവും യഥാർഥ്യമാകുന്നതോടെ തീരദേശത്തെ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ആശ്രയിക്കുന്ന ഹൈസ്കൂളുകളിൽ എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമാണ് വരാൻ പോകുന്നത്. പഠന രംഗത്തും പാട്യേതര രംഗത്തും ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിലും മികവ് പുലർത്തുന്ന വിദ്യാഭ്യാസ ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിൽ ഒന്നാണ് അയനിക്കാട് വെസ്റ്റ് യു.പി സ്കൂൾ.
മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ്, മികച്ച പി.ടി .എ ക്കുള്ള അവാർഡ്, മികച്ച ലൈബ്രറി, സയൻസ്, സോഷ്യൽ, മാത്‍സ് ലാബുകൾ എന്നിവ സ്കൂളിന്റെ പ്രത്യേകതയാണ്.ആവശ്യത്തിന് ബിൽഡിംഗ്, കളിസ്ഥലം, കുടിവെള്ള സൗകര്യം, ശൗചാലയങ്ങൾ എന്നീ സൗകര്യങ്ങളുണ്ട്. നഗരസഭയിൽ ഏറ്റവും കൂടുതൽ പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന രണ്ട് കോളനികൾ, രണ്ട് മത്സ്യ ഗ്രാമങ്ങൾ, എന്നിവയും ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള പ്രദേശത്തെ സ്കൂൾ എന്ന പരിഗണയും ഈ സ്കൂളിനുണ്ട്. നാളെ നടക്കുന്ന ജനകീയ കൺവെൻഷൻ കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനംചെയ്യും. നഗരസഭ വൈസ് ചെയർ പേഴ്സൺ പദ്മശ്രീ പള്ളിവളപ്പിൽ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, സാംസ്‌കാരിക പ്രവർത്തകർ, ബഹുജനങ്ങൾ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ഡിവിഷൻ കൗൺസിലർ പി.എം റിയാസ്,സംഘാടക സമിതി നേതാക്കളായ പി.എം അഷ്‌റഫ്, കെ .ടി രാജീവൻ,പി.ടി.എ പ്രസിഡന്റ് റഹീം പി, സ്കൂൾ പ്രധാന അധ്യാപകൻ മഹേഷ് എ.ടി, പ്രഭാത് എ.ടി എന്നിവർ പങ്കെടുത്തു.