പയ്യോളി: അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് പടിഞ്ഞാറ് ‘വാരണാസി ‘ എന്ന ഫൈബർ വള്ളം ശക്തമായ തിരമാലയിൽ അകപ്പെട്ട് ഇന്ന് രാവിലെ മറിഞ്ഞു. പ്രഭാത സവാരിക്ക് ഇറങ്ങിയ റിട്ടയേർഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ കെ.ടി രാജീവൻ, റിട്ടേർഡ് അധ്യാപകനായ പിടിവി രാജീവ് എന്നിവർ കടലിലിറങ്ങി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. തുടർന്ന് കെ.പി.കെ സുനിൽ , തൈവളപ്പിൽ അശോകൻ, മകൻ ടി.വി ഷൈബു , ഇവി സുനിൽകുമാർ, മുനമ്പത്ത്താഴ രവി എന്നിവരും ചേർന്ന് വള്ളം കരയ്ക്ക് എത്തിച്ച് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.
ഫൈബറും ജീവനക്കാരും കരയ്ക്ക് എത്തിയെങ്കിലും, അവരുടെ വലക്കെട്ടുകൾ നാലെണ്ണം ഒഴുകിപ്പോയി. രണ്ട് മെഷീനുകളും തകരാറിലായി. കൊയിലാണ്ടി ഏഴുകുടിക്കൽ പുതിയ പുരയിൽ അരുൺ അഭിലാഷ്, ചന്ദ്രൻ , നിഖിൽ എന്നിവരാണ് അപകടത്തിൽപ്പെട്ട ഫൈബറിൽ ഉണ്ടായിരുന്നത്. വള്ളം പുതിയ പുരയിൽ അരുണിൻ്റെ ഉടമസ്ഥതയിൽ ഉള്ളതാണ്. വല ,എഞ്ചിൻ ഉൾപ്പെടെ ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്ന് തൊഴിലാളികൾ ദുഃഖത്തോടെ പറഞ്ഞു. കുറേ നാളത്തെ അവധിയ്ക്ക് ശേഷമാണ് പ്രതീക്ഷയോടെ ഇന്ന് ജോലിക്ക് പോയത്. രക്ഷാപ്രവർത്തിൽ ഏർപ്പെട്ടവരെ നാട്ടുകാരും മത്സ്യ തൊഴിലാളിളും മുക്തകണ്ഠം പ്രശംസിച്ചു.