ദില്ലി: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സെപ്റ്റംബറിൽ ഇന്ത്യയിലേക്ക്. ജി 20 ഉച്ചകോടിയുടെ ഭാഗമായാണ് സന്ദർശനം. അമേരിക്കൻ പ്രസിഡന്റിന്റെ ആദ്യ ഇന്ത്യൻ പര്യടനമാകും ഇത്. ദക്ഷിണ മധ്യേഷൻ അസിസ്റ്റന്റ് സെക്രട്ടറി ഡൊണൾഡ് ലു ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ യുഎസ് ബന്ധത്തിൽ നിർണായക വർഷമാണിതെന്നും വാർത്ത ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അദേഹം വ്യക്തമാക്കി.
വരാനിരിക്കുന്ന കാര്യങ്ങളിൽ ഞങ്ങൾ വളരെ ആവേശത്തിലാണ്. ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ അടുക്കാനുള്ള അവസരമാകും ഇതെന്നും ഡൊണൾഡ് ലു പറഞ്ഞു. ഇന്ത്യ ജി 20 ഉച്ചകോടിയ്ക്കും അമേരിക്ക് എപെക് ഉച്ചകോടിക്കും വേദിയാവുകയാണ്. ജപ്പാന്‍ ജി 7 ഉച്ചകോടിക്ക് വേദിയാവുന്നു. തങ്ങള്‍ക്കൊപ്പമുള്ള നിരവധി രാജ്യങ്ങളാണ് നിര്‍ണായക നേതൃസ്ഥാനങ്ങളിലേക്ക് എത്തുന്നത്. ഇത് മറ്റ് രാജ്യങ്ങള്‍ക്ക് ഒരുമിച്ചെത്താനുള്ള അവസരമാണ് നല്‍കുന്നതെന്നാണ് ഡൊണള്‍ഡ് ലു പറയുന്നത്.
ഇന്ത്യയിലേക്കുള്ള സന്ദര്‍ശനത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ദക്ഷിണ മധ്യേഷൻ അസിസ്റ്റന്റ് സെക്രട്ടറി ഡൊണൾഡ് ലു കൂട്ടിച്ചേര്‍ത്തു. സ്റ്റേറ്റ് സെക്രട്ടറി ടോണി ബ്ലിങ്കന്‍, ട്രെഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍, കൊമേഴ്സ് സെക്രട്ടറി ജിന റയ്മണ്ടോ എന്നിവര് സന്ദര്‍ശന വേളയില്‍ ബൈഡനൊപ്പമുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.