ആലപ്പുഴ കായംകുളത്ത് രക്ഷാപ്രവർത്തനത്തിനിടെ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒടുവിൽ നടപടി ആരംഭിച്ച് പോലീസ്. യുവതിയുടെ മൊഴി നാളെ രേഖപ്പെടുത്തും. മൊഴിയെടുക്കാൻ കായംകുളം ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചേരാൻ യുവതിക്ക് നിർദ്ദേശം നൽകി.
പരാതി നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും പൊലീസ് നടപടി എടുത്തിരുന്നില്ല. മാധ്യമ വാർത്തകളെ തുടർന്നാണ് പോലീസിന്റെ ഇടപെടൽ. പൊലീസിനു വീഴ്ച സംഭവിച്ചിട്ടില്ല എന്നാണ് കഴിഞ്ഞ ദിവസം ആലപ്പുഴ എസ്പി മാധ്യമങ്ങളെ അറിയിച്ചത്.
ഏപ്രിൽ നാലിന് നടന്ന സംഭവത്തിൽ പത്ത് ദിവസം പിന്നിട്ടിട്ടും അന്വേഷണ പുരോഗതിയില്ലെന്ന യുവതിയുടെ പരാതിയിലായിരുന്നു ഡിജിപി റിപ്പോർട്ട് തേടിയത്. കായംകുളം പൊലീസ് കേസ് അട്ടിമറിച്ചെന്നും യുവതി ആരോപിച്ചിരുന്നു. എന്നാൽ, കേസ് അന്വേഷണത്തിലും പ്രതിക്കെതിരെ നടപടി സ്വീകരിക്കുന്നതിലും കായംകുളം പൊലീസിന് വീഴ്ച്ച സംഭവിച്ചില്ലെന്ന് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രൻ പറയുന്നു.
സിനിൽ സബാദിനെതിരെ ചുമത്തിയത് സ്റ്റേഷൻ ജാമ്യം നൽകാവുന്ന വകുപ്പകളായിരുന്നതിനാലാണ് നോട്ടീസ് നൽകി വിട്ടയച്ചതെന്ന വിശദീകരണവും റിപ്പോർട്ടിലുണ്ട്. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ചൊവ്വാഴ്ച്ച തന്നെ കോടതിയിൽ അപേക്ഷ നൽകിയിരുന്നെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
അതേസമയം, കായംകുളം എസ്എച്ച്ഒ കേസ് അന്വേഷണത്തിലും പെരുമാറ്റത്തിലും നീതി പുലർത്തിയില്ലെന്ന ആക്ഷേപവും പരാതിക്കാരി ഉയർത്തി. ഇതോടെ, അന്വേഷണ ചുമതലയിൽ നിന്ന് എസ് എച്ച് ഒയെ നീക്കി. കായംകുളം ഡിവൈഎസ്പിയാണ് ഇനി കേസ് അന്വേഷിക്കുക. എറണാകുളം ഡിഐജി അരുൺ ബി.കൃഷ്ണയുടെ നിർദേശപ്രകാരമാണ് തീരുമാനം. നോട്ടീസ് നൽകി വിട്ടയച്ച സിനിൽ സബാദ് ഒളിവിൽ പോയതായാണ് സംശയം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭാരവാഹിയായിരുന്ന സിനിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പന്റെ ചെയ്തു.
