ഉള്ളിയേരി : സംസ്ഥാനപാതയിൽ അപകടങ്ങൾ പതിവാകുന്ന ഉള്ളിയേരി 19–ാം മൈലിൽ വേഗത്തട സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. കഴിഞ്ഞ ദിവസം സ്കൂട്ടറിനു പിറകിൽ ബൈക്ക് ഇടിച്ച് ഇരു വാഹനങ്ങളിലുമുള്ള 3 പേർക്ക് പരുക്കേറ്റിരുന്നു. കാർ മതിലിലിടിച്ചു ഏഴു വയസ്സുകാരനടക്കം 2 പേർ മരിച്ചത് ഒരു മാസം മുൻപാണ്.
കൊയിലാണ്ടി– താമരശ്ശേരി റോഡ് നവീകരിച്ചതോടെ വാഹനങ്ങൾ അമിതവേഗത്തിലാണ് പോകുന്നത്. പറമ്പിന്റെമുകൾ ഭാഗത്തു നിന്ന് ഉള്ളിയേരി ജുമാമസ്ജിദിനു സമീപം വരെ നീളത്തിൽ ഒരു കിലോമീറ്ററിലധികം ദൂരം ഇറക്കമായതിനാൽ മിക്ക വാഹനങ്ങളും നല്ല വേഗത്തിലാണ് സഞ്ചരിക്കുന്നത്.
മഴ ശക്തമായാൽ അപകടം കൂടുമെന്ന് ആശങ്കയുണ്ട്. മുന്നറിയിപ്പ് ബോർഡുകളും ഇവിടെ ഇല്ല. വേഗത്തട സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ട്രോമ കെയർ വൊളന്റിയർമാരായ ഗോവിന്ദൻ കുട്ടി ഉള്ളിയേരിയും കെ.കെ.ധനേഷ് കുമാറും കലക്ടർക്കും പൊതുമരാമത്ത് വകുപ്പ് അധികൃതർക്കും നിവേദനം നൽകിയിരുന്നു.